| Thursday, 4th August 2022, 11:16 am

ഇനിയൊരു സംഘര്‍ഷം ലോകത്തിന് താങ്ങാനാവില്ല; തായ്‌വാന്‍ വിഷയത്തില്‍ ചൈനക്ക് പിന്തുണയുമായി പാകിസ്ഥാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലാഹോര്‍: യു.എസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിന് പിന്നാലെ തായ്‌വാന്‍- ചൈന സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ വിഷയത്തില്‍ പ്രതികരിച്ച് പാകിസ്ഥാന്‍.

ചൈനയുമായി അടുത്ത നയതന്ത്ര ബന്ധം പുലര്‍ത്തുന്ന പാകിസ്ഥാന്‍ ‘വണ്‍ ചൈന പോളിസി’യോടുള്ള തങ്ങളുടെ പിന്തുണയാണ് വീണ്ടും വ്യക്തമാക്കിയിരിക്കുന്നത്. പാകിസ്ഥാന്റെ വിദേശകാര്യ മന്ത്രാലയമാണ് ബുധനാഴ്ച ഇത് സംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്.

ചൈനയുടെ പരമാധികാരത്തെയും അഖണ്ഡതയെയും പിന്തുണക്കുന്നുവെന്ന് പറഞ്ഞ പാകിസ്ഥാന്‍, തായ്‌വാനെ ചുറ്റിപ്പറ്റി രൂപംകൊള്ളുന്ന സംഘര്‍ഷം പ്രാദേശിക സമാധാനത്തിനും സുസ്ഥിരതയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും അതില്‍ പാകിസ്ഥാന് കടുത്ത ആശങ്കയുണ്ടെന്നും വ്യക്തമാക്കി.

വണ്‍ ചൈന പോളിസിയെ തങ്ങള്‍ പിന്തുണക്കുന്നുവെന്നും പ്രസ്താവനയില്‍ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

”ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും മേല്‍ പ്രതികൂലമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന മറ്റൊരു പ്രതിസന്ധി കൂടി ലോകത്തിന് താങ്ങാനാവില്ല.

രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം പരസ്പര ബഹുമാനത്തോടെ ഉള്ളതായിരിക്കണം, ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റൊരു രാജ്യം ഇടപെടരുത്, യു.എന്‍ ചാര്‍ട്ടര്‍ പ്രകാരമുള്ള പോളിസികളും അന്താരാഷ്ട്ര നിയമങ്ങളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് പ്രശ്‌നങ്ങള്‍ക്ക് സമാധാനപരമായി പരിഹാരം കാണണം- എന്നീ കാര്യങ്ങളില്‍ പാകിസ്ഥാന്‍ ഉറച്ചു വിശ്വസിക്കുന്നു,” പ്രസ്താവനയില്‍ പറയുന്നു.

തായ്‌വാന്‍ വിഷയത്തിലും നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിലും ചൈനക്ക് പിന്തുണയുമായി നേരത്തെ റഷ്യയും രംഗത്തെത്തിയിരുന്നു. ഇതോടെ അമേരിക്കന്‍ വിരുദ്ധ ചേരിയില്‍ നിലകൊള്ളുന്ന ചൈന- റഷ്യ- പാകിസ്ഥാന്‍ സഖ്യം വീണ്ടും ശക്തമായിരിക്കുകയാണ്. നേരത്തെ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ റഷ്യ ഉക്രൈനില്‍ ആക്രമണമാരംഭിച്ച സമയത്ത് അന്നത്തെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ റഷ്യയിലുണ്ടായിരുന്നു.

റഷ്യ- ഉക്രൈന്‍ വിഷയത്തിലും റഷ്യന്‍ അനുകൂല നിലപാടായിരുന്നു പാകിസ്ഥാന്‍ സ്വീകരിച്ചിരുന്നത്.

കഴിഞ്ഞ ദിവസം തായ്‌വാന്‍ സന്ദര്‍ശിച്ച നാന്‍സി പെലോസി തായ്‌വാനോടുള്ള അമേരിക്കയുടെ ഉത്തരവാദിത്തത്തെയും പിന്തുണയെയും കുറിച്ച് സംസാരിച്ചിരുന്നു.

ചൈനയുടെ ഭാഗത്ത് നിന്നും തുടര്‍ച്ചയായുണ്ടായ മുന്നറിയിപ്പുകളും ഭീഷണികളും അവഗണിച്ച് കൊണ്ടായിരുന്നു പെലോസിയുടെ സന്ദര്‍ശനം. യു.എസിന്റെ യുദ്ധ വിമാനങ്ങളുടെ കനത്ത സുരക്ഷാ അകമ്പടിയോടെയായിരുന്നു പെലോസി തായ്‌വാനില്‍ വിമാനമിറങ്ങിയത്.

പെലോസിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ചൈന തായ്‌വാനില്‍ യുദ്ധ വിമാനങ്ങള്‍ വിന്യസിച്ചിരുന്നു. തായ്‌വാനെ ചുറ്റിപ്പറ്റിക്കൊണ്ട് കടലില്‍ ഏറ്റവും വലിയ സൈനിക അഭ്യാസം നടത്താനുള്ള തയാറെടുപ്പിലാണ് ചൈന. വരുന്ന നാല് ദിവസം ഫയര്‍ ഡ്രില്‍ അടക്കമുള്ള മിലിറ്ററി അഭ്യാസം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

റഷ്യയുടെ ഭാഗത്ത് നിന്നുള്ള പിന്തുണയും ചൈനക്കുണ്ട്. പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തില്‍ തങ്ങള്‍ നിശബ്ദരായിരിക്കില്ലെന്നാണ് ചൈന പ്രതികരിച്ചത്.

ഏഷ്യാ സന്ദര്‍ശനത്തിന്റെ ഭാഗമായായിരുന്നു പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനവും.

സിംഗപ്പൂര്‍ സന്ദര്‍ശിച്ച ശേഷം ചൊവ്വാഴ്ച തായ്വാനിലെത്തിയ യു.എസ് സ്പീക്കര്‍ ജപ്പാന്‍, ദക്ഷിണ കൊറിയ, മലേഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി ബുധനാഴ്ച തന്നെ തായ്‌വാനില്‍ നിന്ന് തിരിച്ചു.

അതേസമയം പെലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെ തായ്‌വാന് ചുറ്റും സൈനിക വിന്യാസം വര്‍ധിപ്പിച്ചിരിക്കുകയാണ് ചൈന. വരുന്ന നാല് ദിവസം തായ്‌വാനെ ചുറ്റിപ്പറ്റിക്കൊണ്ട് കടലില്‍ ഫയര്‍ ഡ്രില്‍ അടക്കമുള്ള മിലിറ്ററി പ്രകടനം ചൈന തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Pakistan support China over Taiwan Issue, Reaffirms ‘One-China’ Policy

We use cookies to give you the best possible experience. Learn more