ടി-20 ലോകകപ്പില്‍ പാകിസ്ഥാനെ ഞെട്ടിച്ചുകൊണ്ടായിരുന്നു സിംബാബ്‌വേ അട്ടിമറി വിജയം സ്വന്തമാക്കിയത്. കേവലം ഒറ്റ റണ്‍സിനായിരുന്നു പാകിസ്ഥാന്റെ തോല്‍വി.
ആദ്യം ബാറ്റ് ചെയ്ത് സിംബാബ്‌വേ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സായിരുന്നു നേടിയത്. സീന്‍ വില്യംസിന്റെ ഇന്നിങ്‌സായിരുന്നു ഷെവ്‌റോണ്‍സിന് തുണയായത്.
മറുപടി ബാറ്റിങ്ങിങ്ങിറങ്ങിയ പാകിസ്ഥാന്‍ 129 റണ്‍സില്‍ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു. ഇതോടെയാണ് പാകിസ്ഥാനെതിരെ സിംബാബ്‌വേ വിജയം സ്വന്തമാക്കിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിക്കന്ദര്‍ റാസയായിരുന്നു ഷെവ്‌റോണ്‍സിന്റെ വിജയശില്‍പി.
സിംബാബ്‌വേ മികച്ച ടീമാണെന്നും ഒരു ടീമിനെയും മോശമെന്ന് പറയാന്‍ സാധിക്കില്ലെന്നും പറയുകയാണ് പാകിസ്ഥാന്‍ സൂപ്പര്‍ താരം ഹാരിസ് റൗഫ്. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിന് മുമ്പ് നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകനുള്ള മറുപടിയായാണ് താരം ഇക്കാര്യം പറഞ്ഞത്.
‘റാങ്കിങ് വെച്ച് നോക്കുമ്പോള്‍ സിംബാബ്‌വേ ഒരു മികച്ച ടീമല്ല, നെതര്‍ലാന്‍ഡ്‌സും അങ്ങനെ തന്നെ. എന്നിട്ടും പാകിസ്ഥാന് 130 ചെയ്‌സ് ചെയ്യാന്‍ സാധിച്ചില്ല. എങ്ങനെയാണ് നിങ്ങള്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തെ നോക്കിക്കാണുന്നത്?’ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു റൗഫ് ഇക്കാര്യം പറഞ്ഞത്.
‘നോക്കൂ, സിംബാബ്‌വേ ഒരു മോശം ടീമാണെന്നാണ് നിങ്ങള്‍ പറയുന്നത്. ഒരിക്കലും അങ്ങനെയല്ല. ഞങ്ങള്‍ അന്താരാഷ്ട്ര മത്സരമാണ് കളിക്കുന്നത്. എല്ലാവരും ലോകകപ്പ് ജയിക്കണം എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് കളിച്ചുകൊണ്ടിരിക്കുന്നത്.
ആരെയും നമുക്ക് ചെറുതായി കാണാന്‍ സാധിക്കില്ല. ഒരു ടീം മികച്ചതാണ് ഒരു ടീം അത്രകണ്ട് മികച്ചതല്ല എന്നൊന്നും നമുക്ക് പറയാന്‍ പോലും സാധിക്കില്ല,’ ഹാരിസ് പറയുന്നു.
‘ കളിക്കുന്നത് സിംബാബ്‌വേയോടെ നെതര്‍ലന്‍ഡ്‌സിനോടോ ആരോടുമായിക്കൊള്ളട്ടെ, നൂറ് ശതമാനവും പുറത്തെടുക്കുക എന്നതാണ് നമ്മള്‍ ചെയ്യേണ്ടത്.
നിര്‍ഭാഗ്യവശാല്‍ സിംബാബ്‌വേക്കെതിരായ മത്സരത്തില്‍ വിജയം ഞങ്ങളുടെ കൂടെയായിരുന്നില്ല. എന്നാല്‍ വരാനിരിക്കുന്ന മത്സരങ്ങളിലെല്ലാം തന്നെ മികച്ച പ്രകടനം ഞങ്ങള്‍ പുറത്തെടുക്കും,’ റൗഫ് കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ 30 ഞായറാഴ്ചയാണ് പാകിസ്ഥാന്‍ – നെതര്‍ലന്‍ഡ്‌സ് മത്സരം. ഒപ്റ്റസ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം അരങ്ങേറുന്നത്.
Content Highlight: Pakistan superstar Harris Rauf corrected the journalist who said that Zimbabwe is not a strong team