ഇസ്താംബൂള്‍: കര്‍ണാടകയിലെ ഹിജാബ് നിരോധന വിഷയം അന്താരാഷ്ട്ര തലത്തില്‍ തന്നെ വാര്‍ത്തയായിരിക്കുന്ന സാഹചര്യത്തില്‍ ഇസ്താംബൂളിലെ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെ പാകിസ്ഥാന്‍ വിളിപ്പിച്ചു.
വിഷയത്തില്‍ പാകിസ്ഥാന്റെ ആശങ്ക അറിയിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യന്‍ പ്രതിനിധിയെ വിളിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. Charge d’Affairs ചുമതലയുള്ള ഇസ്താംബൂളിലെ ഇന്ത്യന്‍ പ്രതിനിധി സുരേഷ് കുമാറിനെയാണ് പാകിസ്ഥാന്റെ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച വിളിപ്പിച്ചത്.
”ആര്‍.എസ്.എസ്-ബി.ജെ.പി നേതൃത്വത്തില്‍ ഇന്ത്യയില്‍ നടക്കുന്ന ഹിജാബ് വിരുദ്ധ ക്യാമ്പെയിനിന്മേലുള്ള പാകിസ്ഥാന്റെ ആശങ്ക അടിയന്തരമായി ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിക്കണമെന്ന് പ്രതിനിധിയോട് പറഞ്ഞിട്ടുണ്ട്.
മുസ്‌ലിം സ്ത്രീകളെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നതിനുള്ള ഭൂരിപക്ഷവാദ അജണ്ടയാണ് ഇന്ത്യയില്‍ നടക്കുന്നത്. അതിന്റെ ഭാഗമാണ് ഇപ്പോള്‍ നടക്കുന്ന ക്യാമ്പെയിന്‍,” പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചു.
നേരത്തെ, ഇമ്രാന്‍ ഖാന്‍ മന്ത്രിസഭയിലെ വിദേശകാര്യ വകുപ്പ് മന്ത്രി ഷാ മുഹമ്മദ് ഖുറേഷി, ഇന്ത്യയിലെ ഹിജാബ് വിഷയത്തില്‍ പ്രതിഷേധം അറിയിച്ച് ട്വീറ്റ് ചെയ്തിരുന്നു.