ഇസ്രഈല്‍ സന്ദര്‍ശനം; മാധ്യമപ്രവര്‍ത്തകനെ പിരിച്ചുവിട്ട് പാകിസ്ഥാന്‍ സര്‍ക്കാര്‍ ചാനല്‍
World News
ഇസ്രഈല്‍ സന്ദര്‍ശനം; മാധ്യമപ്രവര്‍ത്തകനെ പിരിച്ചുവിട്ട് പാകിസ്ഥാന്‍ സര്‍ക്കാര്‍ ചാനല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 1st June 2022, 11:46 am

ഇസ്‌ലാമാബാദ്: ഇസ്രഈല്‍ സന്ദര്‍ശിച്ച മാധ്യമപ്രവര്‍ത്തകനെതിരെ നടപടിയുമായി പാകിസ്ഥാന്‍ ചാനല്‍. പാകിസ്ഥാന്‍ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വാര്‍ത്താ ചാനലില്‍ നിന്നാണ് മാധ്യമപ്രവര്‍ത്തകന്‍ അഹ്മദ് ഖുറേഷിയെ പിരിച്ചുവിട്ടത്.

പാകിസ്ഥാന്‍ ടെലിവിഷനില്‍ (PTV) നിന്നും അഹ്മദ് ഖുറേഷിയെ പിരിച്ചുവിട്ടതായി പാകിസ്ഥാനി ഫെഡറല്‍ ഇന്‍ഫര്‍മേഷന്‍ വിഭാഗം മന്ത്രി മറിയം ഔറംഗസേബ് തിങ്കളാഴ്ച വ്യക്തമാക്കി. പി.ടി.വിയുടെ കറസ്‌പോണ്ടന്റായായിരുന്നു അഹ്മദ് ഖുറേഷി പ്രവര്‍ത്തിച്ചു പോന്നത്.

ഇസ്രഈലുമായുള്ള ബന്ധം സംബന്ധിച്ച പാകിസ്ഥാന്‍ പോളിസിയാണ് ഇത് വ്യക്തമാക്കുന്നതെന്നും മന്ത്രി മറിയം ഔറംഗസേബ് പറഞ്ഞു.

അഹ്മദ് ഖുറേഷി ഇസ്രഈല്‍ സന്ദര്‍ശിച്ചത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാരണങ്ങളാലാണെന്നും അതിന് പാകിസ്ഥാന്‍ സര്‍ക്കാരുമായോ സര്‍ക്കാരിന്റെ പോളിസികളുമായോ യാതൊരു ബന്ധവുമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തന്നെ പിരിച്ചുവിട്ട കാര്യം അഹ്മദ് ഖുറേഷിയും സ്ഥിരീകരിച്ചിട്ടുണ്ട്.

”പാകിസ്ഥാനോ ആ രാജ്യത്തിന്റെ മിഡില്‍ ഈസ്റ്റ് പോളിസിയോ ആയി ബന്ധപ്പെട്ട് ഒരു പ്രാധാന്യവുമില്ലാത്ത, പാകിസ്ഥാന് പുറത്ത് തന്റെ പ്രൊഫഷണല്‍ വര്‍ക്ക് ചെയ്യുന്ന ഒരു മാധ്യമപ്രവര്‍ത്തകനെ ശിക്ഷിക്കുന്നതില്‍ രാജ്യത്തെ സര്‍ക്കാരും മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും തുല്യരാണ്,” എന്നായിരുന്നു മിഡില്‍ ഈസ്റ്റ് ഐക്ക് നല്‍കിയ പ്രതികരണത്തില്‍ അഹ്മദ് ഖുറേഷി പറഞ്ഞത്.

തന്നെ പിരിച്ചുവിട്ട് കൊണ്ട് നടത്തിയ പ്രഖ്യാപനരീതിയെയും പൊതുസ്ഥലത്ത് വെച്ച് മന്ത്രി തന്നെയും തന്റെ ജോലിയെയും വിമര്‍ശിച്ചതും അഹ്മദ് ഖുറേഷി അപലപിച്ചു.

25 വര്‍ഷമായി താന്‍ മിഡില്‍ ഈസ്റ്റ് പ്രദേശത്ത് ജോലി ചെയ്ത് വരികയാണെന്നും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ തന്നെ മന്ത്രി അപമാനിച്ചത് ആശങ്കാജനകമാണെന്നുമായിരുന്നു ഖുറേഷി പറഞ്ഞത്.

അതേസമയം താന്‍ സര്‍ക്കാര്‍ ചാനലിന്റെ ഭാഗമല്ലെന്നും സര്‍ക്കാരിന് കീഴിലല്ല പ്രവര്‍ത്തിക്കുന്നതെന്നും ഫ്രീലാന്‍സര്‍ ആണെന്നും ഖുറേഷി പറഞ്ഞു.

ഇസ്രഈല്‍ സന്ദര്‍ശനത്തിന് പിന്നാലെ തന്നെ ഇദ്ദേഹത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ആ മാസമാദ്യമായിരുന്നു ഖുറേഷിയുടെ ഇസ്രഈല്‍ സന്ദര്‍ശനം. ഇസ്രഈല്‍ സന്ദര്‍ശിച്ച 15 അംഗ പാകിസ്ഥാനി പ്രവാസികളുടെ പ്രതിനിധിസംഘത്തിന്റെ ഭാഗമായിരുന്നു ഖുറേഷി. എന്നാല്‍ പാകിസ്ഥാനില്‍ നിന്നും ഇങ്ങനെയൊരു സംഘം ഇസ്രഈല്‍ സന്ദര്‍ശിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ വാദം.

ഇസ്രഈലുമായി നയതന്ത്ര ബന്ധമില്ലാത്ത ചുരുക്കം സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാന്‍.

Content Highlight: Pakistan state-run TV news channel fires journalist Ahmed Qureshi over his visit to Israel