ടി-20 ലോകകപ്പിൽ സൂപ്പർ 12 പോരാട്ടത്തിൽ പാകിസ്ഥാനെ അട്ടിമറിക്കുകയായിരുന്നു സിംബാബ്‌വെ. അത്യന്തം ആവേശകരമായ മത്സരത്തിൽ ഒരു റൺസിനായിരുന്നു സിംബാബ്‌വെയുടെ വിജയം.
മികച്ച തുടക്കം ലഭിച്ച ശേഷം തകർന്ന സിംബാബ്‌വെ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 130 റൺസെടുത്തു.
എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുക്കാനെ സാധിച്ചുള്ളു.
അവസാന ഓവറിൽ ജയിക്കാൻ 11 റൺസ് വേണ്ടിയിരുന്ന പാകിസ്ഥാന് ഇന്നിങ്സ് ഒമ്പത് റൺസിൽ അവസാനിച്ചു.
നാല് ഓവറിൽ 25 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിംബാബ്‌വെയുടെ സിക്കന്തർ റാസയുടെ പ്രകടനമാണ് പാകിസ്ഥാന് തലവേദനയായത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സിംബാബ്‌വെക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.
വെസ്ലി മധെവെരെയും ക്യാപ്റ്റൻ ക്രെയ്ഗ് ഇർവിനും ചേർന്ന് 29 പന്തിൽ നിന്ന് 42 റൺസടിച്ച ശേഷമാണ് പുറത്തായത്. മധെവെരെ 17 റൺസ് നേടി.
സ്‌കോർബോർഡിൽ 23 റൺസ് മാത്രമുള്ളപ്പോൾ ബാബർ അസം, മുഹമ്മദ് റിസ്വാൻ എന്നിവരെ പാകിസ്ഥാന് നഷ്ടമായി. മൂന്നാമനായി ക്രീസിലെത്തിയ ഷാൻ മസൂദ് മാത്രമാണ് പിടിച്ചുനിന്നത്.
മുഹമ്മദ് നവാസ് പരമാവധി ശ്രമിച്ചെങ്കിലും അവസാന ഓവറിൽ വീണതോടെ കാര്യങ്ങൾ സിംബാബ്‌വെക്ക് അനുകൂലമായി. ഇഫ്തികർ അഹമ്മദ്, ഷദാബ് ഖാൻ, ഹൈദർ അലി, ഷഹീൻ അഫ്രീദി എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ.
ബ്രാഡ് ഇവാൻസിന് രണ്ട് വിക്കറ്റുണ്ട്. നേരത്തെ, സിംബാബ്‌വെയെ മുഹമ്മദ് വസിം, ഷദാബ് ഖാൻ എന്നിവരാണ് എറിഞ്ഞൊതുക്കിയത്.
വസിം നാലും ഷദാബ് മൂന്നും വിക്കറ്റ് നേടി. 31 റൺസ് നേടിയ സീൻ വില്യംസാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറർ.
വ്യാഴാഴ്ച നടന്ന മത്സരത്തിൽ പാകിസ്ഥാന്റെ വിധിയെഴുതിയത് പാക് വംശജനായ റാസ തന്നെ. 1986ൽ പഞ്ചാബിലെ സിയാൽകോട്ടിൽ ജനിച്ച റാസ പിന്നീട് കുടുംബത്തോടൊപ്പം സിംബാബ്‌വെയിലേക്ക് പോവുകയായിരുന്നു.
പിന്നാലെ സ്‌കോട്ലൻഡിൽ ഉന്നതപഠനത്തിനായി പോയ റാസ പ്രൊഫഷണൽ ക്രിക്കറ്റ് കളിച്ചുതുടങ്ങുന്നതും സ്‌കോട്ലൻഡിൽ വെച്ചാണ്.
ഇപ്പോൾ ജനിച്ച രാജ്യത്തിനെതിരെ മൂന്ന് വിക്കറ്റ് പ്രകടനത്തോടെ പ്ലയർ ഓഫ് ദ മാച്ച് ആവാനും റാസക്കായി. നിരവധിയാളുകളാണ് റാസയെ പ്രശംസിച്ച് രംഗത്തെത്തയിരിക്കുന്നത്.
രണ്ട് കളികളിൽ നിന്ന് മൂന്ന് പോയിന്റുമായി സിംബാബ്‌വെ ഗ്രൂപ്പ് രണ്ടിൽ മൂന്നാം സ്ഥാനത്തേക്കെത്തി. എന്നാൽ തോൽവിയോടെ പാകിസ്ഥാന്റെ സെമി പ്രതീക്ഷകൾ അനിശ്ചിതത്വത്തിലാണ്.
Content Highlights: Pakistan star uplifts Zimbabwe; Pakistan’s future is in crisis