| Saturday, 20th August 2022, 5:25 pm

പാകിസ്ഥാന് വമ്പന്‍ തിരിച്ചടി; ഇന്ത്യന്‍ ആരാധകര്‍ക്കിത് ആഘോഷരാവ്; തിരിച്ചടിക്കാനുള്ള അവസരമെന്ന് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

എഷ്യാ കപ്പിന് മുമ്പ് പാകിസ്ഥാന് വമ്പന്‍ തിരിച്ചടി. പാകിസ്ഥാന്‍ പേസ് ആക്രമണത്തിന്റെ സ്പിയര്‍ ഹെഡ് ഷഹീന്‍ അഫ്രിദി എഷ്യാ കപ്പില്‍ നിന്നും പരിക്കേറ്റ് പുറത്തായതോടെയാണ് പാകിസ്ഥാന്റെ നില അവതാളത്തിലായത്.

നേരത്തെ, പാകിസ്ഥാന്റെ ശ്രീലങ്കന്‍ പര്യടനത്തിനിടെ ഷഹീനിന് പരിക്കേറ്റതോടെയായിരുന്നു തുടക്കം. ഇതോടെ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് താരത്തിന് നഷ്ടമായിരുന്നു.

ഏഷ്യാ കപ്പിന് സ്‌ക്വാഡ് അനൗണ്‍സ് ചെയ്യുമ്പോള്‍ താരം പൂര്‍ണമായും ഫിറ്റെല്ലെങ്കില്‍ കൂടിയും താരത്തെ പാകിസ്ഥാന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാലിപ്പോള്‍ പരിക്ക് പൂര്‍ണമായും വിട്ടുമാറാതെ വന്നതോടെയാണ് ഷഹീനിന് ഏഷ്യാ കപ്പ് നഷ്ടമായിരിക്കുന്നത്.

താരത്തിന് നാല് മുതല്‍ ആറ് ആഴ്ച വരെ പൂര്‍ണമായും വിശ്രമം ആവശ്യമുണ്ടെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതോടെ ഏഷ്യാ കപ്പിന് പുറമെ ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയും താരത്തിന് നഷ്ടമാവാന്‍ സാധ്യതയുണ്ട്.

എന്നാല്‍ വരാനിരിക്കുന്ന ടി-20 ലോകകപ്പിന് മുമ്പ് ആരോഗ്യം വീണ്ടെടുത്ത് ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനാവുമെന്നാണ് ഷഹീനും പാക് ആരാധകരും ഒരുപോലെ പ്രതീക്ഷിക്കുന്നത്.

അതേസമയം, ഷഹീനിന് പരിക്കേറ്റത് ആഘോഷമാക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ഇന്ത്യന്‍ ബാറ്റര്‍മാരെ ഒന്നൊഴിയാതെ പരീക്ഷിക്കാന്‍ പോന്നവനാണ് ഷഹീന്‍ എന്ന ആരാധകരുടെ ഉത്തമബോധ്യം തന്നെയാണ് താരത്തിന്റെ പരിക്ക് അവര്‍ ഇത്രത്തോളം ആഘോഷമാക്കാന്‍ കാരണം.

ഇതോടെ ട്വിറ്ററില്‍ ട്രോളുകളുടെയും മീമുകളുടെയും ബഹളമാണ്. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും സന്തോഷം കൊണ്ട് നൃത്തം ചെയ്യുന്ന പഴയ ക്ലിപ്പുങ്ങുകള്‍ വരെ ട്രോളായി വരുന്നുണ്ട്.

എന്നാല്‍ പാകിസ്ഥാനില്‍ ഷഹീന്‍ ഇല്ലാതാവുന്നതോടെ ഇന്ത്യ – പാക് മത്സരത്തിന്റെ ആവേശം കുറയുമെന്ന് പറയുന്നവരും കുറവല്ല.

നേരത്തെ സ്റ്റാര്‍ പേസര്‍ ഹസന്‍ അലിയെ ഒഴിവാക്കിക്കൊണ്ടായിരുന്നു പാകിസ്ഥാന്‍ ടീം പ്രഖ്യാപിച്ചത്. ഷഹീനും പരിക്കേറ്റ് പുറത്തായതോടെ പാക് പേസ് നിരയെ ആര് നയിക്കും എന്ന ചോദ്യവും ഉയരുന്നുണ്ട്.

സെപ്റ്റംബര്‍ 28നാണ് ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും കൊമ്പുകോര്‍ക്കുന്നത്. കഴിഞ്ഞ ടി-20 ലോകകപ്പിലെ റീമാച്ച് എന്ന രീതിയിലാണ് ഈ മത്സരം ആരാധകര്‍ ആഘോഷമാക്കുന്നത്.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേഷ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌ണോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍.

ഏഷ്യാ കപ്പിനുള്ള പാകിസ്ഥാന്‍ സ്‌ക്വാഡ്:

ബാബര്‍ അസം (ക്യാപ്റ്റന്‍), ഷദാബ് ഖാന്‍ (വൈസ് ക്യാപ്റ്റന്‍), ആസിഫ് അലി, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഹൈദര്‍ അലി, ഇഫ്തിഖര്‍ അഹമ്മദ്, കുഷ്ദില്‍ ഷാ, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് വസീം ജൂനിയര്‍, നസീം ഷാ, ഹഷഹനവാസ് ദഹാനി, ഉസ്മാന്‍ ഖാദിര്‍

Content Highlight: Pakistan Star Pacer Shaheen Afridi Ruled Out From Asia Cup

We use cookies to give you the best possible experience. Learn more