| Thursday, 29th September 2022, 7:51 pm

ബുംറക്ക് പണികിട്ടിയതിന് പിന്നാലെ പാകിസ്ഥാനും എട്ടിന്റെ പണി; സൂപ്പര്‍ താരം പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍ യുവതാരം നസീം ഷായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂമോണിയ കാരണമാണ് താരത്തെ നേരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ന്യൂമോണിയക്ക് പുറമെ നസീം ഷാ കൊവിഡ് പോസിറ്റീവുമായിരിക്കുകയാണ്.

ഇതോടെ താരത്തിന് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ട് – പാകിസ്ഥാന്‍ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകും.

കൊവിഡും ന്യൂമോണിയയും ഒന്നിച്ച് വന്നതോടെ താരത്തിന്റെ ആരോഗ്യ സ്ഥിതി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് മുമ്പില്‍ ചോദ്യ ചിഹ്നമാവുകയാണ്. ലോകകപ്പിന് മുമ്പ് താരം പൂര്‍ണ ആരോഗ്യവനായി ടീമിനൊപ്പം ചേരുമോ എന്ന കാര്യത്തിലും സംശയമാണ്.

നസീം ഷായുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട് എന്ന് മാത്രമാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.

തങ്ങളുടെ സ്റ്റാര്‍ പേസര്‍മാരുടെ പരിക്കും അനാരോഗ്യവും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് സൃഷ്ടിച്ചിരിക്കുന്ന തലവേദന ചില്ലറയല്ല.

ഏഷ്യാ കപ്പിനിടെയും നസീമിനെ അനാരോഗ്യം വലച്ചിരുന്നു. മത്സരത്തിനിടെ പേശിവലിവ് വന്ന് പിച്ചില്‍ കിടന്ന് കരയുന്ന നസീം ഷായുടെ ചിത്രം ഏറെ വൈറലായിരുന്നു.

പാകിസ്ഥാന്റെ ലോകകപ്പ് ടീമിലും വരാനിരിക്കുന്ന ന്യൂസിലാന്‍ഡ് പര്യടനത്തിലും നസീം ടീമിന്റെ ഭാഗമാണ്. എന്നാല്‍ താരം ഈ പരമ്പരകള്‍ കളിക്കുമോ എന്നുള്ള കാര്യം കണ്ടു തന്നെ അറിയണം.

ലോകകപ്പിന് മുമ്പ് പാകിസ്ഥാന്‍, ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ് എന്നിവരുള്‍പ്പടുന്ന ട്രൈ സീരീസാണ് ബാബറിനും സംഘത്തിനും മുമ്പിലുള്ളത്. ഒക്ടോബര്‍ മൂന്ന് മുതല്‍ 14 വരെയാണ് ത്രിരാഷ്ട്ര പരമ്പര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ഒക്ടോബര്‍ 23ന് ഇന്ത്യക്കെതിരെ നടക്കുന്ന മത്സരത്തോടെയാണ് പാകിസ്ഥാന്‍ ലോകകപ്പ് കിക്ക് സ്റ്റാര്‍ട്ട് ചെയ്യുന്നത്.

Content Highlight: Pakistan star pacer Naseem Shah tested covid positive

We use cookies to give you the best possible experience. Learn more