| Monday, 3rd July 2023, 10:40 pm

ഐ.പി.എല്‍ കളിക്കാന്‍ പാകിസ്ഥാന്‍ സൂപ്പര്‍ താരം; പാകിസ്ഥാനെ കളിപ്പിക്കില്ലെന്ന തീരുമാനം മറികടക്കാന്‍ ഒരുങ്ങുന്നതിങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്ത വര്‍ഷം ഐ.പി.എല്ലില്‍ കളിക്കുന്നതിന്റെ സാധ്യതകളെ കുറിച്ച് മുന്‍ പാക് സൂപ്പര്‍ താരം മുഹമ്മദ് ആമിര്‍. മാനേജ്‌മെന്റ് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് 2020ല്‍ താരം അന്താരാഷ്ട്ര കരിയറിന് വിരാമമിട്ടിരുന്നു.

എന്നാല്‍ റമീസ് രാജ പി.സി.ബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പടിയിറങ്ങിയതോടെ താരം വിരമിക്കല്‍ പിന്‍വലിച്ച് തിരിച്ചുവന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. 2023 ലോകകപ്പില്‍ അദ്ദേഹം പാകിസ്ഥാന് വേണ്ടി പന്തെറിയാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചിരുന്നു.

എന്നാല്‍ താന്‍ യു.കെ പൗരത്വം സ്വീകരിക്കാനൊരുങ്ങുകയാണെന്ന് വെളിപ്പെടുത്തുകയാണ് മുഹമ്മദ് ആമിര്‍. 2020 മുതല്‍ ഇംഗ്ലണ്ടില്‍ താമസിക്കുന്ന മുഹമ്മദ് ആമിറിന് പാസ്‌പോര്‍ട്ട് ഉടന്‍ തന്നെ ലഭിച്ചേക്കും.

ഈ പാസ്‌പോര്‍ട്ട് ലഭിക്കുന്നതോടെ ആമിറിന് ഇംഗ്ലണ്ടിന് വേണ്ടിയും പന്തെറിയാന്‍ സാധിക്കും. എന്നാല്‍ ഇംഗ്ലണ്ടിന് വേണ്ടി കളിക്കാന്‍ താത്പര്യമില്ലെന്നും ഐ.പി.എല്‍ കളിക്കാനാണ് ആഗ്രഹമെന്നുമാണ് ആമിര്‍ പറയുന്നത്.

എ.ആര്‍.വൈ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ആമിര്‍ ഇക്കാര്യം പറഞ്ഞത്.

‘ആദ്യം തന്നെ ഇംഗ്ലണ്ടിന് വേണ്ടി ഞാന്‍ കളിക്കില്ല. ഞാന്‍ പാകിസ്ഥാന് വേണ്ടിയാണ് കളിച്ചത്. രണ്ടാമതായി ഐ.പി.എല്ലിനെ കുറിച്ച് പറയുകയാണെങ്കില്‍ അതിന് ഇനിയും ഒരു വര്‍ഷമുണ്ട്. ആ സമയത്തെ അവസ്ഥയെന്തായിരിക്കും… സ്റ്റെപ് ബൈ സ്റ്റെപ്പായി പോകാനാണ് ഞാനെപ്പോഴും പറയാറുള്ളത്. നാളെ എന്ത് നടക്കുമെന്ന് നമുക്കൊന്നും അറിയില്ല.

2024ല്‍ ഐ.പി.എല്‍ കളിക്കുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിക്കാറുണ്ട്. ഒരു വര്‍ഷത്തിന് ശേഷം ഞാന്‍ എവിടെയായിരിക്കും എന്ന് പോലും എനിക്കറിയില്ല. ആര്‍ക്കും ഭാവിയെ കുറിച്ച് ഒന്നും പറയാന്‍ സാധിക്കില്ല. എനിക്കെന്റെ പാസ്‌പോര്‍ട്ട് ലഭിക്കുമ്പോള്‍… മികച്ച അവസരം എന്താണോ, എനിക്ക് എന്താണോ ലഭിക്കുന്നത് അത് ഞാന്‍ മികച്ച രീതിയില്‍ പ്രയോജനപ്പെടുത്തും,’ ആമിര്‍ പറഞ്ഞു.

ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള നയതന്ത്ര ബന്ധം വഷളായതിനെ തുടര്‍ന്നാണ് ഐ.പി.എല്ലില്‍ പാകിസ്ഥാന്‍ താരങ്ങള്‍ വേണ്ട എന്ന നിലപാട് ബി.സി.സി.ഐ കൈക്കൊള്ളുന്നത്. എന്നാല്‍ ഐ.പി.എല്ലിന്റെ ആദ്യ സീസണില്‍ ഷോയ്ബ് അക്തറും ഷാഹിദ് അഫ്രിദിയുമടക്കമുള്ള പാക് താരങ്ങള്‍ കളിച്ചിരുന്നു. 2008ന് ശേഷമാണ് പാക് താരങ്ങളെ പുറത്ത് നിര്‍ത്താന്‍ തീരുമാനിക്കുന്നത്.

എന്നാല്‍ ഇതിന് ശേഷവും പാക് ഓള്‍ റൗണ്ടറായ അസര്‍ മഹമ്മൂദ് ഐ.പി.എല്ലിന്റെ ഭാഗമായിരുന്നു. ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് ഉള്ളതിനാലാണ് മഹമ്മൂദിന് ഐ.പി.എല്‍ കളിക്കാന്‍ സാധിച്ചത്. ഇതുപോലെ ആമിറും ഐ.പി.എല്ലിന്റെ ഭാഗമാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content Highlight: Pakistan star pacer Mohammad Amir on playing IPL 2024

We use cookies to give you the best possible experience. Learn more