ദുബായ്: പാകിസ്ഥാനോടുള്ള തോല്‍വിക്ക് പിന്നാലെ സൈബര്‍ ആക്രമണം നേരിടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ പിന്തുണച്ച് പാക് താരം മുഹമ്മദ് റിസ്‌വാന്‍. ഈ ഗെയിം(ക്രിക്കറ്റ്) ആളുകളെ ഒരുമിപ്പിക്കാനുള്ളതാണെന്നും വിഭജിക്കാനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരു കളിക്കാരന്‍ തന്റെ രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി അനുഭവിക്കേണ്ടി വരുന്ന സമ്മര്‍ദ്ദങ്ങളും ത്യാഗങ്ങളും അളവറ്റതാണെന്നും റിസ്‌വാന്‍ ട്വിറ്ററിലൂടെ പറഞ്ഞു.
ഷമി ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണെന്നും നിങ്ങളുടെ താരങ്ങളെ ബഹുമാനിക്കാന്‍ തയ്യാറാകണമെന്നും ഇന്ത്യന്‍ ആരാധകരോടായി റിസ്‌വാന്‍ കൂട്ടിച്ചേര്‍ത്തു. മഹമ്മദ് ഷമിയുടെ ഒരു ചിത്രം പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
ഞായറാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിനാണ് പാകിസ്ഥാനോട് പരാജയപ്പെട്ടത്. ലോകകപ്പില്‍ ആദ്യമായാണ് ഇന്ത്യ പാകിസ്ഥാനോട് തോല്‍ക്കുന്നത്.
മത്സരത്തിന് പിന്നാലെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ മുസ്ലിം ഐഡന്റിറ്റി മുന്‍നിര്‍ത്തി ഹിന്ദുത്വവാദികള്‍ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്തിയിരുന്നു.
The kind of pressure, struggles & sacrifices a player has to go through for his country & his people is immeasurable. @MdShami11 is a star & indeed of the best bowlers in the world
പാകിസ്ഥാനില്‍ നിന്ന് പണം വാങ്ങിയാണ് ഷമി കളിച്ചതെന്നൊരോപിച്ചാണ് ഹിന്ദുത്വവാദികളുെട സൈബര്‍ ആക്രമണം. 18ാം ഓവര്‍ എറിഞ്ഞ ഷമി 17 റണ്‍സ് വിട്ടുകൊടുത്തിരുന്നു. ഇതിന്റെ പേരിലാണ് ഇവര്‍ ഷമിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.
അതേസമയം, ഷമിക്കെതിരായ സൈബര്‍ ആക്രമണങ്ങളെ അപലപിച്ച് മുന്‍ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും ഇര്‍ഫന്‍ പത്താനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു.