ബാറ്റിങ് പിച്ചില്‍ പണികിട്ടും അത് ഉറപ്പാ... സിറാജും ഷമിയും പോരാ, അവന്‍ കൂടി വേണം; മുന്നറിയിപ്പുമായി പാക് സൂപ്പര്‍ താരം
Sports News
ബാറ്റിങ് പിച്ചില്‍ പണികിട്ടും അത് ഉറപ്പാ... സിറാജും ഷമിയും പോരാ, അവന്‍ കൂടി വേണം; മുന്നറിയിപ്പുമായി പാക് സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 23rd January 2023, 12:03 pm

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന മത്സരത്തിനാണ് കളമൊരുങ്ങുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ രണ്ടിലും ജയിച്ച് ഇന്ത്യ പരമ്പര ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്.

ആദ്യ മത്സരത്തില്‍ ശുഭ്മന്‍ ഗില്ലിന്റെ ഇരട്ട സെഞ്ച്വറിയുടെയും സിറാജ് അടക്കമുള്ള ബൗളര്‍മാരുടെയും കരുത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയപ്പോള്‍ റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ വെച്ച് നടന്ന രണ്ടാം മത്സരത്തില്‍ ബൗളര്‍മാരുടെ മികവിലായിരുന്നു ഇന്ത്യ ജയിച്ചു കയറിയത്.

ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച ഇന്ത്യ കിവികളെ കേവലം 108 റണ്‍സിന് ഒന്നൊഴിയാതെ എറിഞ്ഞിടുകയായിരുന്നു. ആറ് ഓവറില്‍ 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും ആറ് ഓവറില്‍ 16 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹര്‍ദിക് പാണ്ഡ്യയും കസറി. ആറ് ഓവറില്‍ വെറും പത്ത് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ് ഒരിക്കല്‍ക്കൂടി തന്റെ ക്ലാസ് വ്യക്തമാക്കി.

 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എട്ട് വിക്കറ്റും 179 പന്തും ബാക്കി നില്‍ക്കെ വിജയം പിടിച്ചടക്കുകയായിരുന്നു.

ഇന്ത്യന്‍ ബൗളര്‍മാരുടെ ഇപ്പോഴുള്ള മികവ് കണക്കിലെടുക്കേണ്ടെന്നും ബാറ്റിങ് പിച്ചില്‍ ഇവര്‍ ഏറെ പണിപ്പെടുമെന്നും പറയുകയാണ് മുന്‍ പാക് വിക്കറ്റ് കീപ്പര്‍ കമ്രാന്‍ അക്മല്‍. ഈ സാഹചര്യം മറികടക്കാന്‍ ഉമ്രാന്‍ മാലിക്കിനെ ടീമില്‍ ഉള്‍പ്പെടുത്തണമെന്നും കമ്രാന്‍ പറഞ്ഞു.

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പരിക്കില്‍ നിന്നും മടങ്ങിയെത്തുന്നതോടെ ഇന്ത്യന്‍ ബൗളിങ് നിരയുടെ ശക്തി വര്‍ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ബാറ്റിങ്ങിന് അനുകൂലമായ സാഹചര്യങ്ങളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഏറെ പാടുപെടേണ്ടി വരും. പ്ലെയിങ് ഇലവനില്‍ ഉമ്രാന്‍ മാലിക്കിനെ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

അവന്‍ ഓരോ മത്സരം കഴിയുമ്പോളും കൂടുതല്‍ കൂടുതല്‍ മെച്ചപ്പെട്ട് വരികയാണ്. ജസ്പ്രീത് ബുംറ മടങ്ങിയെത്തുന്നതോടെ ബൗളിങ് നിര ഒന്നുകൂടി ശക്തമാകും,’ കമ്രാന്‍ അക്മല്‍ പറഞ്ഞു.

ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യയുടെ പ്രതീക്ഷ ബൗളര്‍മാരില്‍ തന്നെയാണ്.

Content Highlight: Pakistan star Kamran Akmal about Indian bowlers