പാകിസ്ഥാനും ബംഗ്ലാദേശും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം റാവല്‍പിണ്ടിയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ ആദ്യ ഇന്നിങ്സിലെ രണ്ടാം ദിനത്തില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 448 റണ്‍സിന് ഡിക്ലയര്‍ ചെയ്തിരുന്നു.
ഒരു ഘട്ടത്തില്‍ വിക്കറ്റ് തകര്‍ച്ച നേരിട്ട പാകിസ്ഥാന് മുഹമ്മദ് റിസ്വാന്റേയും സൗദ് ഷക്കീലിന്റെയും ഇടിവെട്ട് പ്രകടനമാണ് തുണയായത്. മുഹമ്മദ് റിസ്വാന്‍ 239 പന്തില്‍ മൂന്ന് സിക്സും 11 ഫോറും ഉള്‍പ്പെടെ 171 റണ്‍സ് നേടി വിക്കറ്റ് നഷ്ടപ്പെടുത്താതെ ക്രീസില്‍ നിലയുറയ്ക്കുകയായിരുന്നു. 29 റണ്‍സ് അകലെയാണ് താരത്തിന് ഡബിള്‍ സെഞ്ച്വറി നേടാന്‍ സാധിക്കാതെ പോയത്. താരത്തിന് കൂട്ടുനിന്ന റിസ്വാന് പുറമെ 261 പന്തില്‍ ഒമ്പത് ഫോര്‍ അടക്കം 141 റണ്‍സ് നേടിയാണ് സൗദ് ഷക്കീല്‍ പടിയിറങ്ങിയത്.
എന്നാല്‍ റിസ്വാന് ഡബിള്‍ സെഞ്ച്വറി നേടാന്‍ സാധിക്കുമായിരുന്നിട്ടും ഡിക്ലയര്‍ ചെയ്തിനെ പലരും വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ഡിക്ലയര്‍ ചെയ്ത തീരുമാനത്തെക്കുറിച്ച് വ്യക്തത നല്‍കി രംഗത്ത് വന്നിരിക്കുകയാണ് സൗദ് ഷക്കീല്‍. ഇത് പെട്ടന്ന് എടുത്ത തീരമാനമല്ലെന്നും റിസ്വാന്‍ നേരത്തെ ഡിക്ലയര്‍ ചെയ്യുന്നതിനെക്കുറിച്ച് അറിയിച്ചിരുന്നു എന്നാണ് ഷാന്‍ പറഞ്ഞത്.
‘ഇത് പെട്ടന്ന് എടുത്ത തീരുമാനമല്ല, എപ്പോള്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുമെന്ന് റിസ്വാന്‍ ഭായിയെ മുന്‍കൂട്ടി അറിയിച്ചിരുന്നു. ടീമിന്റെ തീരുമാനം വരുമെന്ന് അവനറിയാമായിരുന്നു. 450ന് അടുത്ത് എത്തിയ ശേഷം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യാമെന്നായിരുന്നു തീരുമാനം,’ ഷക്കീല്‍ പറഞ്ഞു.
നിലവില്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ബംഗ്ലാദേശ് നാല് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സാണ് നേടിയത്. ഓപ്പണര്‍ ഷദ്മാന്‍ ഇസ്‌ലാം 183 പന്തില്‍ 93 റണ്‍സ് നേടിയാണ് മടങ്ങിയത്. മുഹമ്മദലിയുടെ പന്തില്‍ ബൗള്‍ഡാകുകയായിരുന്നു താരം. പിന്നീട് 50 റണ്‍സ് നേടി മൊനീമുള്‍ ഹഖും പുറത്തായതോടെ ക്രീസില്‍ മുഷ്ഫഖര്‍ റഹീമ് 17 റണ്‍സുമായും ഷാക്കിബ് അല്‍ ഹസന്‍ 5 റണ്‍സുമായി തുടരുകയാണ്.
Content Highlight: Pakistan star explains declaration call in first innings against Bangladesh