അടികള്‍ പലവിധം, നേരത്തെ വാങ്ങിച്ചുകൂട്ടിയത് ഇന്ത്യയുടെ ഇടി, ഇപ്പോള്‍ കിട്ടിയത് വമ്പന്‍ തിരിച്ചടി; സൂപ്പര്‍ ഫോറിന് മുമ്പ് പാകിസ്ഥാന്‍ ക്യാമ്പില്‍ നിസ്സഹായത
Sports News
അടികള്‍ പലവിധം, നേരത്തെ വാങ്ങിച്ചുകൂട്ടിയത് ഇന്ത്യയുടെ ഇടി, ഇപ്പോള്‍ കിട്ടിയത് വമ്പന്‍ തിരിച്ചടി; സൂപ്പര്‍ ഫോറിന് മുമ്പ് പാകിസ്ഥാന്‍ ക്യാമ്പില്‍ നിസ്സഹായത
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 3rd September 2022, 7:35 pm

ഇന്ത്യക്കെതിരായുള്ള സൂപ്പര്‍ ഫോര്‍ മത്സരത്തിന് മുമ്പ് പാകിസ്ഥാന് കനത്ത തിരിച്ചടി. വീണ്ടുമൊരു പേസര്‍ കൂടി പരിക്കേറ്റ് പുറത്തായതോടെയാണ് പാകിസ്ഥാന് വീണ്ടും പണി കിട്ടിയിരിക്കുന്നത്.

പാകിസ്ഥാന്റെ സ്റ്റാര്‍ പേസര്‍ ഷഹനവാസ് ദഹാനിയാണ് ഇപ്പോള്‍ പരിക്കേറ്റ് പുറത്തായിരിക്കുന്നത്. ഹോങ്കോങ്ങിനെതിരെ നടന്ന രണ്ടാം മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്.

സൈഡ് സ്‌ട്രെയ്ന്‍ മൂലമാണ് ദഹാനിക്ക് ടീമില്‍ നിന്നും പുറത്തേക്കുള്ള വഴി തുറന്നിരിക്കുന്നത്. ഇതോടെ ഇന്ത്യക്കെതിരെ നടക്കാനിരിക്കുന്ന സൂപ്പര്‍ ഫോര്‍ മത്സരത്തിന് മുമ്പ് തന്നെ പാകിസ്ഥാന്‍ ക്യാമ്പ് നിരാശയിലാണ്.

ഹോങ്കോങ്ങിനെതിരായ മത്സരത്തില്‍ മികച്ച പ്രകടനമാണ് ദഹാനി പുറത്തെടുത്തത്. രണ്ട് ഓവര്‍ എറിഞ്ഞ ദഹാനി ഒരു മെയ്ഡനുള്‍പ്പടെ ഏഴ് റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തിയിരുന്നു.

ഇന്ത്യക്കെതിരായ മത്സരത്തില്‍ 29 റണ്‍സായിരുന്നു ദഹാനി വഴങ്ങിയത്. എന്നാല്‍ ബാറ്റിങ്ങില്‍ മികച്ച പ്രകടനമായിരുന്നു താരം നടത്തിയത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ദഹാനിയുടെ പ്രകടനമായിരുന്നു പൊരുതാവുന്ന സ്‌കോറിലേക്ക് പാകിസ്ഥാനെയെത്തിച്ചത്.

ആറ് പന്തില്‍ നിന്നും രണ്ട് സിക്‌സറുള്‍പ്പടെ 16 റണ്‍സാണ് താരം നേടിയത്.

ദഹാനിയും പരിക്കിന്റെ പിടിയിലാകുന്നത് പാകിസ്ഥാനെ സംബന്ധിച്ച് ഏറെ നിരാശയുണര്‍ത്തുന്ന കാര്യമാണ്. നേരത്തെ പാകിസ്ഥാന്റെ സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രിദിയും മുഹമ്മദ് വസീമും പരിക്കേറ്റ് പുറത്തായത് പാകിസ്ഥാന് വരുത്തി വെച്ച കഷ്ടപ്പാട് ചില്ലറയല്ല.

ടീമിനൊപ്പമുള്ള പേസര്‍മാരുടെ ആരോഗ്യവും അത്രകണ്ട് പെര്‍ഫെക്ടല്ല. ഇന്ത്യക്കെതിരായ മത്സരത്തില്‍ യുവതാരം നസീം ഷായും ഹാരീസ് റൗഫും പേശി വലിവ് മൂലം ഏറെ ബുദ്ധിമുട്ടിയിരുന്നു.

സെപ്റ്റംബര്‍ നാലിനാണ് സൂപ്പര്‍ ഫോറിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരം. ആദ്യ മത്സരത്തില്‍ നേടിയ ഡോമിനന്‍സ് വീണ്ടും ആവര്‍ത്തിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

 

 

 

Content Highlight:   Pakistan star bowler Shahnawaz Dahani ruled out of Asia Cup Super 4 game against India