വിരാടിനല്ലാതെ മറ്റാര്‍ക്കും അത് ചെയ്യാന്‍ സാധിക്കില്ല, മറ്റാരെങ്കിലും ആ സിക്‌സറടിച്ചാല്‍ എനിക്ക് സങ്കടമായേനേ; ലോകകപ്പില്‍ വിരാട് സിക്‌സറിന് പറത്തിയ ബൗളര്‍
ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് റൈവല്‍റിയിലെ ഏറ്റവും ഐക്കോണിക്കായ മാച്ചുകളില്‍ ഒന്നായിരുന്നു 2022 ടി-20 ലോകകപ്പിലെ സൂപ്പര്‍ 12 മത്സരം. അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ ഇന്ത്യ വിജയം പിടിച്ചടക്കുകയായിരുന്നു. 2021 ടി-20 ലോകകപ്പില്‍ തങ്ങളെ പരാജയപ്പെടുത്തിയ പാകിസ്ഥാനോടുള്ള മധുരപ്രതികാരമായും ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ ഈ മത്സരം അടയാളപ്പെടുത്തപ്പെട്ടു.
ഇന്ത്യന്‍ ഇന്നിങ്‌സിലെ 19ാം ഓവറിലാണ് കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമായത്. ആ നിമഷം വരെ പാകിസ്ഥാന്‍ മേല്‍ക്കയ്യുണ്ടായിരുന്നിടത്തുനിന്നും കളി ഇന്ത്യക്ക് അനുകൂലമാക്കിയത് വിരാട് കോഹ്‌ലി എന്ന മജീഷ്യനായിരുന്നു.
മികച്ച ഫോമില്‍ പന്തെറിഞ്ഞ ഹാരിസ് റൗഫിനെ രണ്ട് തവണ ഗാലറിയിലെത്തിച്ചാണ് വിരാട് മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത്. എട്ട് പന്തില്‍ നിന്നും 28 റണ്‍സ് വേണ്ടപ്പോഴായിരുന്നു വിരാട് റൗഫിനെ രണ്ട് സിക്‌സറിന് തൂക്കിയത്.
വിരാട് കോഹ്‌ലിക്കല്ലാതെ മറ്റാരെ കൊണ്ടും തന്നെ സിക്‌സറിന് പറത്താന്‍ സാധിക്കില്ല എന്ന് പറയുകയാണ് പാകിസ്ഥാന്‍ സൂപ്പര്‍ താരം ഹാരിസ് റൗഫ്.
‘ഒരു ബാറ്റര്‍ എന്ന നിലയില്‍ വിരാടിന്റെ കഴിവിനെ കുറിച്ച് നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. മറ്റാര്‍ക്കും അതിന് സാധിക്കില്ല. വിരാടിന്, വിരാടിനെ കൊണ്ട് മാത്രമേ അതിന് സാധിക്കൂ.
വിരാടിന് പകരം ഹര്‍ദിക് പാണ്ഡ്യയോ ദിനേഷ് കാര്‍ത്തിക്കോ ആണ് ആ സിക്‌സറുകള്‍ അടിച്ചിരുന്നെങ്കില്‍ എനിക്ക് ഏറെ വിഷമം തോന്നുമായിരുന്നു,’ റൗഫ് പറയുന്നു.
ഏറെ നാടകീയമായിരുന്നു ഇന്ത്യ-പാകിസ്ഥാന്‍ മത്സരം. അവസാന രണ്ട് ഓവറായിരുന്നു മത്സരം പാകിസ്ഥാന്റെ കൈകളില്‍ നിന്നും തട്ടിയകറ്റിയത്. 19ാം ഓവറിലെ അവസാന രണ്ട് പന്തും സിക്സറിന് പറത്തി വിരാട് കോഹ്‌ലി അടുത്ത ഓവറിനുള്ള ട്രെയ്ലര്‍ പാകിസ്ഥാന് നല്‍കിയിരുന്നു.
അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ് വേണമെന്നിരിക്കെ ആദ്യ പന്തില്‍ തന്നെ ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യക്ക് നഷ്ടമായിരുന്നു. തുടര്‍ന്ന് ദിനേഷ് കാര്‍ത്തിക്കായിരുന്നു ക്രീസിലെത്തിയത്.
സിംഗിള്‍ നേടിയ ദിനേഷ് കാര്‍ത്തിക് സ്ട്രൈക്ക് കോഹ്ലിക്ക് കൈമാറി മത്സരം വീണ്ടും വിരാടിന്റെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ ഡബിള്‍ നേടി വിരാട് സ്ട്രൈക്ക് നിലനിര്‍ത്തി.
നാലാം പന്തില്‍ നോ ബോളില്‍ പിറന്ന സിക്സര്‍ ഇന്ത്യക്ക് വീണ്ടും പ്രതീക്ഷ നല്‍കി. ബൗണ്ടറി റോപ്പിനടുത്ത് വെച്ച് ഫീല്‍ഡര്‍ ഉയര്‍ന്നുചാടി ക്യാച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം പാഴാവുകയായിരുന്നു.
ഫ്രീ ഹിറ്റ് ഡെലിവറി വൈഡ്. എക്സ്ട്രാ ഇനത്തില്‍ ഒരു റണ്‍സ് കൂടി.
ഫ്രീ ഹിറ്റ് ഡെലിവറി തുടരുന്നു. മൂന്ന് റണ്‍സ് ലെഗ് ബൈ ആയി ഇന്ത്യയുടെ അക്കൗണ്ടിലേക്ക്.
ഓവറിലെ അഞ്ചാം പന്തില്‍ ദിനേഷ് കാര്‍ത്തിക്കിനെ പുറത്താക്കി പാകിസ്ഥാന്‍ വീണ്ടും ഭീതി സൃഷ്ടിച്ചു. അവസാന പന്ത് നേരിടാന്‍ വെറ്ററന്‍ താരം ആര്‍. അശ്വിന്‍ ക്രീസിലേക്ക്. അവസാന പന്തില്‍ നവാസിന്റെ പിഴവില്‍ നിന്നും ഒരു വൈഡ് കൂടി പിറന്നതോടെ സ്‌കോര്‍സ് തുല്യത പാലിച്ചു.