| Monday, 13th December 2021, 2:14 pm

പാകിസ്ഥാനോട് പരാജയപ്പെട്ട ഐ.സി.സി ടി-20 ലോകകപ്പ് മത്സരത്തിലെ ടോസിന് മുന്‍പ് പാക് നായകന്‍ കോഹ്‌ലിയോട് സംസാരിച്ചതെന്ത്?

സ്പോര്‍ട്സ് ഡെസ്‌ക്

ക്രിക്കറ്റ് ലോകത്തിലെ തന്നെ ഏറ്റവും വലിയ റൈവല്‍റിയായാണ് ഇന്ത്യ പാക് മത്സരങ്ങളെ കണക്കാക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും പിച്ചില്‍ ഏറ്റുമുട്ടിയപ്പോഴെല്ലാം തന്നെ ആരാധകരില്‍ ആവേശം അലതല്ലിയിരുന്നു.

നയതന്ത്രപരമായ കാരണങ്ങളാല്‍ ഐ.സി.സി ടൂര്‍ണമെന്റില്‍ മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത്. 2021 ടി-20 ലോകകപ്പിലായിരുന്നു ഇരുവരും അവസാനം ഏറ്റുമുട്ടിയത്.

ഐ.സി.സി ടി-20 ലോകകപ്പില്‍ പാകിസ്ഥാനോട് തോറ്റുകൊണ്ടായിരുന്നു ഇന്ത്യയുടെ തുടക്കം. ഐ.സി.സി ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനോട് പരാജയപ്പെടുന്നതും ആദ്യമായിട്ടായിരുന്നു.

മത്സരത്തിന് മുമ്പ് കോഹ്‌ലിയും പാക് നായകന്‍ ബാബര്‍ അസവും കാര്യമായി സംസാരിച്ചിരുന്നു. ടോസിന് മുമ്പ് ഗ്രൗണ്ടില്‍ വെച്ചായിരുന്നു ഇരുവരുടെയും സംഭാഷണം.

എന്നാല്‍ സംഭാഷണത്തെ കുറിച്ച് താന്‍ ആരോടും ഒന്നും തന്നെ പറയില്ല എന്നാണ് ബാബര്‍ പറയുന്നത്. പാകിസ്ഥാന്‍ ചാനലായ സമാ ടി.വിയുടെ അഭിമുഖത്തിനിടെയാണ് ബാബര്‍ ഇക്കാര്യം പറയുന്നത്.

ടോസിന് മുന്‍പ് താങ്കളും വിരാടും തമ്മില്‍ സംസാരിച്ചതെന്തായിരുന്നുവെന്ന അവതാരകയുടെ ചോദ്യത്തിന് ‘ഞാന്‍ ആരുടെ മുന്നിലും അതിനെ കുറിച്ച് ഒന്നും തന്നെ പറയുകയില്ല.’ എന്നായിരുന്നു ബാബറിന്റെ പ്രതികരണം.

മത്സരത്തില്‍ ഇന്ത്യയെ പാകിസ്ഥാന്‍ 10 വിക്കറ്റിന് തോല്‍പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 151 റണ്‍സായിരുന്നു എടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ലക്ഷ്യം കാണുകയായിരുന്നു.

അടുത്ത മത്സരത്തില്‍ ന്യൂസിലാന്റിനോട് തോറ്റതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ ഏതാണ്ട് അസ്തമിച്ചിരുന്നു. പാകിസ്ഥാന്‍ സെമിയിലും പുറത്തായി.

കോഹ്‌ലിയുടെ കരിയറിലെ മോശം വര്‍ഷവും മോശം ടൂര്‍ണമെന്റുമായിരുന്നു ഇത്. എന്നാല്‍ ബാബറിനെ സംബന്ധിച്ച് മികച്ചതുമായിരുന്നു. ടൂര്‍ണമെന്റില്‍ 6 ഇന്നിംഗ്‌സില്‍ നിന്നുമായി 303 റണ്‍സെടുത്ത് റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതായാണ് ബാബര്‍ യു.എ.ഇ വിട്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Pakistan skipper Babar Azam has refused to reveal his conversation with Virat Kohli

We use cookies to give you the best possible experience. Learn more