തീവ്രവാദികളെ വധിച്ചതിന് പാക്കിസ്ഥാന്‍ ഇന്ത്യയോട് നന്ദി പറയണം: അദ്‌നാന്‍ സമി
Daily News
തീവ്രവാദികളെ വധിച്ചതിന് പാക്കിസ്ഥാന്‍ ഇന്ത്യയോട് നന്ദി പറയണം: അദ്‌നാന്‍ സമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th October 2016, 11:19 am

ഏതുവിധേനയായാലും ഭീകരരെ ഉന്മൂലം ചെയ്ത ഇന്ത്യയുടെ നടപടിയോട് പാക്കിസ്ഥാന് നന്ദിയുണ്ടാകണമെന്നും സമി പറഞ്ഞു.


ന്യൂദല്‍ഹി: പാക്ക് അധീന കാശ്മീരിലെ തീവ്രവാദികളെ വധിച്ചതിന് പാക്കിസ്ഥാന്‍ ഇന്ത്യയോട് നന്ദി പറയണമെന്ന് പാക്ക് വംശജനായ പ്രശസ്ത ഗായകന്‍ അദ്‌നാന്‍ സമി.

നിയന്ത്രണരേഖ മറികടന്ന് തീവ്രവാദികളുടെ താവളങ്ങള്‍ തകര്‍ത്ത ഇന്ത്യയോട് പാക്കിസ്ഥാന് നന്ദിയുണ്ടാകണം. പാക്ക് അധീന കാശ്മീരിലെ ഭീകര ക്യാമ്പുകള്‍ക്ക് നേരെ ഇന്ത്യ തന്ത്രപൂര്‍വം വിജയകരമായി നടപ്പാക്കിയ സൈനിക നടപടി പാക്കിസ്ഥാന്  അനുഗ്രഹമാണെന്നും സമി കൂട്ടിച്ചേര്‍ത്തു.

നേരത്തെ ഇന്ത്യന്‍ സേനയുടെ സൈനിക നടപടിയെ പ്രസംസിച്ച് സമി ട്വീറ്റ് ചെയ്തിരുന്ന സമി, കഴിഞ്ഞ ദിവസം തലസ്ഥാനത്ത് നടന്ന ഒരു അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് ഇന്ത്യയോട് പാക്കിസ്ഥാന്‍ യഥാര്‍ഥത്തില്‍ നന്ദി പറയുകയാണ് വേണ്ടതെന്ന് ചൂണ്ടിക്കാട്ടിയത്.

തന്റെ ട്വീറ്റ് പൊതു ശത്രുവിനെതിരെയുള്ളതാണ്.  ഇരുരാജ്യങ്ങളെയും ലോകത്തെയും വേദനിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഏതുവിധേനയായാലും ഭീകരരെ ഉന്മൂലം ചെയ്ത ഇന്ത്യയുടെ നടപടിയോട് പാക്കിസ്ഥാന് നന്ദിയുണ്ടാകണമെന്നും സമി പറഞ്ഞു. ഏതാനും വര്‍ഷങ്ങളായി തങ്ങളും തീവ്രവാദത്തിന്റെ ഇരകളാണെന്നാണ് പാകിസ്താന്റെ വാദം. ഇപ്പോള്‍ നിങ്ങളുടെ അയല്‍ക്കാര്‍ അതില്‍ നിന്നു മോചനത്തിനായി സഹായിച്ചിരിക്കുന്നു.

നിങ്ങള്‍ യാഥാര്‍ഥ്യം അംഗീകരിക്കുകയെങ്കിലും ചെയ്യണമെന്നും സമി പറഞ്ഞു. സമിയുടെ ട്വീറ്റിനെ തുടര്‍ന്ന് അദ്ദേഹത്തെ രാജ്യദ്രോഹിയായി നിരവധി പേര്‍ മുദ്രകുത്തിയിരുന്നു. എന്നാല്‍ താന്‍ പാക്കിസ്ഥാനെതിരെ ശബ്ദിച്ചിട്ടില്ലെന്നും തന്റെ വാക്കുകളെ അവര്‍ അവരുടേതായ രീതിയില്‍ വ്യാഖ്യാനിക്കുകയാണെന്നും സമി പറഞ്ഞു.