| Saturday, 12th August 2017, 1:26 pm

ട്രാന്‍സ്‌ജെന്ററുകള്‍ക്ക് പൗരാവകാശം ഉറപ്പുവരുത്തുന്ന ബില്‍ പാസാക്കി പാകിസ്ഥാന്‍ പാര്‍ലമെന്റ്: ട്രാന്‍സ്‌ജെന്ററുകള്‍ക്ക് എതിരായ അതിക്രമം ക്രിമിനല്‍ കുറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: ട്രാന്‍സ്‌ജെന്ററുകളുടെ അവകാശ സംരക്ഷണത്തിനായി ചരിത്രപരമായ രണ്ടു ബില്ലുകള്‍ പാസാക്കി പാക്കിസ്ഥാന്‍ പാര്‍ലമെന്റ്. ട്രാന്‍സ്‌ജെന്ററുകളുടെ അവകാശ സംരക്ഷണ നിയമം ചൊവ്വാഴ്ചയാണ് പാകിസ്ഥാന്‍ ദേശീയ അസംബ്ലി പാസാക്കി.

ട്രാന്‍സ്‌ജെന്ററുകള്‍ക്കെതിരായ അതിക്രമം ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിച്ചുകൊണ്ട് പാകിസ്ഥാന്‍ പീനല്‍ കോഡിലും സി.ആര്‍.പി.സിയിലും ഭേദഗതികള്‍ അനുവദിക്കുന്ന നിയമവും പാസാക്കി.

പുതിയ നിയമപ്രകാരം പാകിസ്ഥാനിലെ ട്രാന്‍സ്‌ജെന്ററുകള്‍ക്ക് പരമ്പരാഗത സ്വത്തവകാശം നിഷേധിക്കുന്നതും ഏതെങ്കിലും സ്ഥാപനങ്ങളില്‍ നിന്ന് അവരെ നിയമവിരുദ്ധമായി പുറത്താക്കുന്നതും ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നിഷേധിക്കുന്നതുമെല്ലാം ക്രിമിനല്‍ കുറ്റകൃത്യമായി പരിഗണിക്കും.


Also Read:  വിവാഹ ഉടമ്പടി ആധാറുമായി ബന്ധിപ്പിക്കണം: മോദിയോട് മുസ്‌ലിം വനിതാ ലോ ബോര്‍ഡ്


ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ പൗരാവകാശവും ട്രാന്‍സ്‌ജെന്ററുകള്‍ക്കും ഈ നിയമം ഉറപ്പുനല്‍കുന്നു.

“രാജ്യത്തെ മറ്റു പൗരന്മാര്‍ക്കും നിവാസികള്‍ക്കുമൊപ്പം ട്രാന്‍സ്‌ജെന്ററുകളുടെ അവകാശം കൂടി സംരക്ഷിക്കേണ്ടതുണ്ട്.” എന്നു പറഞ്ഞുകൊണ്ടാണ് പാക് പാര്‍ലമെന്റ് ഈ നിയമം കൊണ്ടുവന്നത്.

പാസ്‌പോര്‍ട്ടിലും മറ്റ് ഐഡന്റിറ്റി കാര്‍ഡുകളിലും ട്രാന്‍സ് ജനതയെക്കൂടി പരിഗണിക്കുന്ന കോളം ഉള്‍പ്പെടുത്തണമെന്ന് 2011ല്‍ പാക് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതേവര്‍ഷം തന്നെ ദേശീയ സെന്‍സസില്‍ ട്രാന്‍സ് ജനതയെക്കൂടി ഉള്‍പ്പെടുത്താന്‍ ലാഹോര്‍ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ട്രാന്‍സ്‌ജെന്ററുകള്‍ക്ക് പൗരാവകാശം ഉറപ്പുവരുത്തുന്ന ബില്‍ പാക് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more