| Thursday, 13th January 2022, 5:28 pm

അഫ്ഗാനില്‍ നിന്നും കടത്തിയ മയക്കുമരുന്ന് പിടിച്ചെടുത്ത് പാക്കിസ്ഥാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലമാബാദ്: അഫ്ഗാനിസ്ഥാനില്‍ നിന്നും പാക്കിസ്ഥാനിലേക്ക് മയക്കുമരുന്നുകള്‍ കടത്തുന്നത് ഗണ്യമായ് കുറക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് പാക്കിസ്ഥാന്‍.

പാകിസ്ഥാന്‍ കസ്റ്റംസ് ടി.ആര്‍.ടി വേള്‍ഡുമായി പങ്കിട്ട ഡാറ്റ പ്രകാരം 2021 ഡിസംബറിലും 2022 ജനുവരിയിലും ടോര്‍ഖാം അതിര്‍ത്തിയില്‍ നിന്ന് 524 കിലോ ഹാഷിഷ്, 255 കിലോ ഹെറോയിന്‍, 280 കിലോ കറുപ്പ്, ഏകദേശം 22 കിലോ മെതാംഫെറ്റാമൈന്‍ എന്നിവയാണ് അധികൃതര്‍ പിടിച്ചെടുത്തത്.

ജനുവരി 8 ന് ടോര്‍ഖാമില്‍ 7 കിലോ ഹെറോയിനും 2.5 കിലോഗ്രാം പിടിച്ചെടുക്കുകയും ഒരു അഫ്ഗാന്‍ പൗരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പിടികൂടുന്ന മയക്കുമരുന്നുകളുടെ അളവ് വര്‍ധിച്ചതായി പാകിസ്ഥാന്‍ കസ്റ്റംസിലെ അഡീഷണല്‍ കളക്ടര്‍ മുഹമ്മദ് തയ്യബ് പറഞ്ഞു.

ജനുവരി 6 ന്, തുടര്‍ച്ചയായി രണ്ട് തവണയാണ് ഹെറോയിന്‍ പിടിച്ചെടുത്തത്. ഒന്ന് 100 കിലോയും മറ്റൊന്ന് 130 കിലോയുമായിരുന്നു. ടോര്‍ഖാമില്‍ വെച്ച് പിടികൂടിയതില്‍ റെക്കോര്‍ഡ് തുകയാണ് രണ്ടാമത്തേതെന്നും തയ്യബ് പറഞ്ഞു. ഡിസംബര്‍ മുതല്‍ വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടിയിട്ടുണ്ട്

ഡിസംബര്‍ അവസാനത്തില്‍ പാക്കിസ്ഥാനിലുടനീളം ഹെറോയിന്‍, മെത്ത് എന്നിവയുള്‍പ്പെടെ 2.2 ടണ്ണിലധികം മയക്കുമരുന്നാണ് അന്വേഷണ ഏജന്‍സി പിടിച്ചെടുത്തത്. ജനുവരിയില്‍ 3 ടണ്ണിലധികവും.

‘അഫ്ഗാനിസ്ഥാനില്‍ നിന്നും പാക്കിസ്ഥാനിലേക്ക് മയക്കുമരുന്ന് കടത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വന്‍തോതില്‍ മയക്കുമരുന്ന് പിടിച്ചെടുക്കുന്നുണ്ട്,’ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ എക്‌സൈസ്, നികുതി, മയക്കുമരുന്ന് നിയന്ത്രണ വകുപ്പിലെ ഉദ്യോഗസ്ഥനായ അസ്‌ലന്‍ അസ്‌ലം പറഞ്ഞു.

ലോകത്തിലെ ഒട്ടുമിക്ക കറുപ്പിന്റെയും ഹെറോയിന്റെയും ഉറവിടം അഫ്ഗാനിസ്ഥാനാണ്. മയക്കുമരുന്ന് നിരോധിക്കാനാണ് താലിബാന്‍ പ്രതിഞ്ജ എടുത്തതെങ്കിലും അവരുടെ ഭരണത്തിന്‍ കീഴില്‍ ഉല്‍പാദനം കൂടുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. പാക്കിസ്ഥാനില്‍ നിന്നും വരുന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ താലിബാന്‍ തയാറായില്ല.

ഇറാന്‍, തുര്‍ക്കി എന്നിവിടങ്ങളിലൂടെ യൂറോപ്പിലേക്കും പാകിസ്ഥാന്‍, ഇന്ത്യന്‍ മഹാസമുദ്രം വഴി തെക്കന്‍ റൂട്ടിലേക്കും അഫ്ഗാന്‍ മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ചിരുന്ന ബാല്‍ക്കന്‍ റൂട്ടില്‍ പതിവായി മയക്കുമരുന്നു പിടിച്ചെടുക്കുന്നുണ്ട്.

താലിബാനെതിരെ ഉപരോധം ഏര്‍പ്പെടുത്തി വിവധ രാജ്യങ്ങള്‍ വിദേശസഹായം പിന്‍വലിച്ചതിനെ തുടര്‍ന്ന് രാജ്യം പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമ്പോഴും രാജ്യത്തുള്ള നിരവധി ആളുകളാണ് മയക്കുമരുന്നു ജീവനോപാധിയായി കണ്ട് കൃഷി ചെയ്യുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: pakistan-seizing-unprecedented-amount-of-drugs-from-afghanistan

We use cookies to give you the best possible experience. Learn more