ലാഹോര്‍: കഴിഞ്ഞ ദിവസം തൂക്കിലേറ്റിയ മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യപ്രതി അജ്മല്‍ കസബിന്റെ ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്. പാക്കിസ്ഥാനിലെ സെക്യൂരിറ്റി ആന്റ് ഇന്റലിജന്‍സ് വിഭാഗമാണ് കസബിന്റെ ഗ്രാമമായ പഞ്ചാബിലേക്ക് മാധ്യമപ്രവര്‍ത്തകരെ വിലക്കിയത്.[]
ഗ്രാമത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകരുടെ ക്യാമറയും മറ്റും ബലം പ്രയോഗിച്ച് പിടിച്ച് വാങ്ങാന്‍ ശ്രമിച്ചതായും പരാതിയുണ്ട്. കസബിന്റെ അയല്‍വാസികളേയും ബന്ധുക്കളേയും അഭിമുഖം ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയാണ് ഉദ്യോഗസ്ഥര്‍ വിലക്കിയത്.
പാക്കിസ്ഥാനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കരുത് എന്ന് പറഞ്ഞായിരുന്നു മാധ്യമപ്രവര്‍ത്തകരെ തിരിച്ചയച്ചതെന്നാണ് ഒരു ഇംഗ്ലീഷ് പത്രത്തിലെ ലേഖകന്‍ പറയുന്നത്.
എക്‌സ്പ്രസ് ന്യൂസ്, ചാനല്‍ 5, അപ്‌ന ടി.വി എന്നീ ചാനലുകളുടെ ക്യാമറകളാണ് ഉദ്യോഗസ്ഥര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ” നിങ്ങള്‍ എന്തിനാണ് ഞങ്ങളുടെ രാജ്യത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നത്. ശത്രുരാജ്യത്തിന് വേണ്ടി ശ്രമിക്കാതിരിക്കൂ.” എന്നായിരുന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
ഗ്രാമവാസികളുമായി അഭിമുഖം നടത്തുന്നത് മറന്ന് എത്രയും പെട്ടന്ന് തിരിച്ചുപോകാനും നിര്‍ദേശിച്ചത്രേ. വെളുത്ത വസ്ത്രധാരികളായ ഉദ്യോഗസ്ഥരാണ് മാധ്യമപ്രവര്‍ത്തകരെ വിലക്കിക്കൊണ്ട് രംഗത്തെത്തിയത്.
ഇവര്‍ക്കെതിരെ എക്‌സ്പ്രസ് ന്യൂസ് റിപ്പോര്‍ട്ടര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയപ്പോള്‍ എത്രയും പെട്ടന്ന് സ്ഥലം വിടാനായിരുന്നു നിര്‍ദേശം. കസബിന്റെ വിഷയത്തില്‍ ഗ്രാമവാസികള്‍ പ്രകോപിതരായിരിക്കുകയാണെന്നും അവര്‍ക്ക് സംസാരിക്കാന്‍ താത്പര്യമില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി.
പൂനെയിലെ ഏര്‍വാഡ ജയിലില്‍ ഇന്നലെ രാവിലെ 7.30നായിരുന്നു കസബിന്റെ വധശിക്ഷ നടപ്പാക്കിയത്. വധശിക്ഷയ്ക്ക് മുന്‍പ് എന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന് കസബിനോട് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു മറുപടി. കസബിന്റെ വധശിക്ഷയില്‍ പ്രതിഷേധിച്ച് ശ്രീനഗറില്‍ ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചിരുന്നു.
1987 ല്‍ പാക് അധിനിവേഷ പഞ്ചാബിലെ ഫരീദ് കോട്ടിലായിരുന്നു അജ്മല്‍ കസബ് ജനിക്കുന്നത്. കുട്ടിയായിരുന്നപ്പോള്‍ ബോളിവുഡും കരാട്ടെയുമായിരുന്നു കസബിന്റെ ഇഷ്ടവിഷങ്ങള്‍.
കൗമാരക്കാലത്ത് ജോലി തേടി ഇറങ്ങിയ കസബ് ലഷ്‌കര്‍-ഇ-ത്വയ്ബ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി കസബ് സംഘടനയുടെ പരിശീലന കേന്ദ്രങ്ങളില്‍ സജീവമായി പങ്കെടുത്തു. പിന്നീടാണ് 2008 മുംബൈ ആക്രമണത്തില്‍ കസബ് പങ്കാളിയാവുന്നത്.