| Wednesday, 27th February 2019, 1:55 pm

''ഞങ്ങള്‍ തിരിച്ചടിച്ചതല്ല; കരുത്ത് കാണിച്ചതാണ്''; പാക് വിമാനം അതിര്‍ത്തി കടന്ന സംഭവത്തില്‍ പ്രതികരിച്ച് പാക്കിസ്ഥാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: നിയന്ത്രണരേഖ മറികടന്ന് പാക് വിമാനങ്ങള്‍ ഇന്ത്യയില്‍ പ്രവേശിച്ച സംഭവത്തില്‍ പ്രതികരണവുമായി പാക്കിസ്ഥാന്‍. ഇത് തിരിച്ചടിയല്ലെന്നും തങ്ങള്‍ കരുത്ത് കാണിച്ചതാണെന്നുമാണ് പാക്കിസ്ഥാന്റെ വിശദീകരണം. തങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു.

സൈനികരെ ലക്ഷ്യം വെക്കുന്നില്ലെന്നും അത്യാഹിതങ്ങള്‍ സംഭവിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് പാക് കരസേനയും വ്യോമസേനയും അറിയിച്ചത്. എഫ്-16 വിമാനങ്ങള്‍ ഓപ്പറേഷന് ഉപയോഗിച്ചിട്ടില്ലെന്നും പാക്കിസ്ഥാന്‍ പറഞ്ഞു.

ഇന്നലെ പുലര്‍ച്ചെ ബാലാക്കോട്ടിലെ ഇന്ത്യന്‍ വ്യോമാക്രമണത്തിന് പിന്നാലെ കശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ന് വീണ്ടും വെടിവയ്പ്പ് നടന്നിരുന്നു. ഇന്നലെ വൈകിട്ട് ആറുമണിക്കാണ് പാക്കിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇതിന് ശേഷം നിയന്ത്രണ രേഖയില്‍ പന്ത്രണ്ടോളം സ്ഥലങ്ങളില്‍ വെടി നിര്‍ത്തല്‍ ലംഘനമുണ്ടായി.

രജൌരി ജില്ലയിലെ നൌഷേര മേഖല, ജമ്മു ജില്ലയിലെ അങ്കനൂര്‍ മേഖല, പൂഞ്ച് ജില്ലയിലെ കൃഷ്ണ ഗട്ടി എന്നിവിടങ്ങളിലായാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.

ഇതിന് പിന്നാലെയാണ് വ്യോമാതിര്‍ത്തി ലംഘിച്ച് പാക്കിസ്ഥാന്റെ മൂന്ന് വിമാനങ്ങള്‍ എത്തിയത്. പോര്‍വിമാനങ്ങളില്‍ നിന്നും നിയന്ത്രണ രേഖയ്ക്ക് സമീപം പാക്കിസ്ഥാന്‍ ബോംബ് വര്‍ഷിച്ചതായും റിപ്പോര്‍ട്ടുണ്ട്. രൗജരിയിലും നൗഷേര മേഖലയിലാണ് സംഭവം. എന്നാല്‍ വിമാനങ്ങളെ തുരത്തിയതായി നാവികസേന അവാകാശപ്പെട്ടു.

വ്യോമാതിര്‍ത്തി ലംഘിച്ച രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്നും രണ്ട് പൈലറ്റുമാരെ കസ്റ്റഡിയിലെടുത്തെന്നും പാക്കിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ പാക് വാദം ഇന്ത്യ തള്ളി.


വ്യോമാതിര്‍ത്തി ലംഘിച്ച പാക് വിമാനങ്ങളെ ഇന്ത്യ തുരത്തിയതായി റിപ്പോര്‍ട്ട്


അതേസമയം പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പാക്കിസ്ഥാനില്‍ അഞ്ച് വിമാനത്താവളങ്ങള്‍ അടച്ചു. ലാഹോര്‍, ഇസ്‌ലാമാബാദ് മുള്‍ട്ടാല്‍, സിയാല്‍കോട്ട്, ഫൈസലാബാദ് വിമാനത്താവളങ്ങളാണ് അടച്ചത്.

പാക് പോര്‍വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതിന് പിന്നാലെ കശ്മീരിലെ വിമാനത്താവളങ്ങളും അടച്ചിട്ടു. ജമ്മു, ശ്രീനഗര്‍, പത്താന്‍കോട്ട്, ലെ, അമൃത്സര്‍ എന്നീ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിവെച്ചത്.

ഇന്ത്യയ്ക്കെതിരെ സൈനിക നടപടി പാടില്ലെന്ന് പാക്കിസ്ഥാനോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഭീകരവിരുദ്ധ പ്രവര്‍ത്തനമാണ് ഇന്ത്യ നടത്തിയത്. അതിന് പാക്കിസ്ഥാന്‍ പിന്തുണ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ എന്നാല്‍ ഇക്കാര്യം പരിഗണിക്കാതെയാണ് പാക് പ്രകോപനം.

We use cookies to give you the best possible experience. Learn more