കശ്മീര്‍ വിഷയത്തിലെ ഇന്ത്യന്‍ നടപടി നിയമവിരുദ്ധം; അടിയന്തര യോഗം വിളിച്ച് ഇമ്രാന്‍ ഖാന്‍; യു.എന്നിനെ സമീപിക്കാനൊരുങ്ങി പാകിസ്ഥാന്‍
ന്യൂദല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റാനും സംസ്ഥാനത്തെ കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റാനുമുള്ള ഇന്ത്യയുടെ തീരുമാനത്തിന് പിന്നാലെ പ്രത്യേക മന്ത്രിസഭാ യോഗം വിളിച്ച് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.
370 ാം അനുച്ഛേദം റദ്ദാക്കുക വഴി ജമ്മുകാശ്മീരിന് നല്‍കിപ്പോന്ന പ്രത്യേക പദവി പിന്‍വലിക്കാനും സംസ്ഥാനത്തെ വിഭജിക്കാനുമുള്ള ബില്‍ രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ചതിന് ശേഷമാണ് വിഷയത്തില്‍ വിമര്‍ശനവുമായി പാകിസ്ഥാന്‍ രംഗത്തെത്തിയത്.
ഇന്ത്യയുടെ നടപടിക്ക് പാകിസ്ഥാന്‍ മറുപടി നല്‍കാന്‍ ഒരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയുടെ തീരുമാനം അംഗീകരിക്കില്ലെന്നും നടപടി നിയമവിരുദ്ധമാണെന്നുമാണ് പാകിസ്ഥാന്‍ പ്രതികരിച്ചത്. ഇതിനെതിരെ സാധ്യമായ എല്ലാ നടപടികളും രാജ്യം സ്വീകരിക്കുമെന്നും പാകിസ്ഥാന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഇന്ത്യന്‍ അധിനിവേശ കശ്മീര്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചചെയ്യപ്പെടുന്ന തര്‍ക്ക പ്രദേശമാണ്. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി (യു.എന്‍.എസ്.സി) തര്‍ക്കവിഷയമായി പ്രതിപാദിച്ചിരിക്കുന്ന സ്ഥലത്തെ നിലവിലെ അവസ്ഥയെ മാറ്റാന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏകപക്ഷീയമായ ഒരു നടപടിക്കും കഴിയില്ല. മാത്രമല്ല ജമ്മു കശ്മീരിലെയും പാകിസ്ഥാനിലെയും ജനങ്ങള്‍ക്ക് ഇത് ഒരിക്കലും അംഗീകരിക്കുകയുമില്ല- എന്നാണ് പാക് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്.
മാത്രമല്ല ഇന്ത്യയുടെ ഈ നിയമവിരുദ്ധ നടപടിക്കെതിരെ സാധ്യമായ എല്ലാ വഴികളും പാകിസ്ഥാന്‍ തേടുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് അവരുടെ രാഷ്ട്രീയ, നയതന്ത്ര, ധാര്‍മ്മിക പിന്തുണ പാകിസ്ഥാന്‍ വാഗ്ദാനം ചെയ്യുന്നതായും രാജ്യം വ്യക്തമാക്കി. ഇന്ന് ചേരുന്ന പ്രത്യേക യോഗത്തില്‍ പ്രധാന നേതാക്കള്‍ ഇന്ത്യയുടെ നടപടി വിലയിരുത്തുന്നുന്നുണ്ട്.
യു.എന്‍ സുരക്ഷാ സമിതിക്ക് മുന്‍പില്‍ പാകിസ്ഥാന്‍ വിഷയം അവതരിപ്പിക്കുമെന്നും പാകിസ്ഥാനിലെ മുന്‍ ഹൈ കമ്മീഷണര്‍ ശരദ് സബര്‍വാല്‍ പറഞ്ഞു. ഇന്ത്യന്‍ തീരുമാനത്തിനെതിരെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ് ലാമിക് കോര്‍പ്പറേഷനില്‍ പ്രമേയം സമര്‍പ്പിക്കാനും പാകിസ്താന്‍ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യ-പാക് നിയന്ത്രണ രേഖയ്ക്കിടയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇരുരാജ്യവും പരമാവധി സംയമനം പാലിക്കണമെന്ന് ഞായറാഴ്ച യു.എന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ നടപടി.