ഇസ്‌ലാമാബാദ്: ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ ഏപ്പോഴും തയ്യാറാണെന്ന് പാക് വിദേശകാര്യ വക്താവ് നഫീസ് സക്കരിയ്യ. ഇരുരാജ്യങ്ങളും തമ്മില്‍ നല്ല ബന്ധം തുടരുന്നുണ്ട്. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായാല്‍ സെക്രട്ടറി തല ചര്‍ച്ചകള്‍ നടക്കുമെന്നും സക്കരിയ്യ പറഞ്ഞു.
പഠാന്‍കോട്ട് ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യ കൈമാറിയ വിവരങ്ങള്‍ പരിശോധിച്ചു വരികയാണെന്നും പാക് ജയിലില്‍ ഇന്ത്യന്‍ പൗരനായ കൃപാല്‍ സിംഗ് മരണത്തില്‍ ദുരൂഹതയില്ലെന്നും നഫീസ് സക്കരിയ്യ പറഞ്ഞു.
ഇന്ത്യയുമായി ചര്‍ച്ചകള്‍ അവസാനിപ്പിച്ചതായി പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ബാസിത് കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന പാകിസ്ഥാന്റെ പ്രഖ്യാപനം. പഠാന്‍കോട്ട് ആക്രമണം അന്വേഷിക്കാന്‍ ഇന്ത്യയിലെത്തിയ പാകിസ്താന്‍ അന്വേഷണസംഘം ഭീകരാക്രമണം ഇന്ത്യ നടത്തിയ നാടകമാണെന്ന തരത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ തയ്യാറെടുക്കുന്നതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയെ പഴിചാരിയുള്ള പാകിസ്ഥാന്റെ വിശദീകരണം.
ജനുവരിയില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യാ-പാക് സെക്രട്ടറിതല ചര്‍ച്ചകള്‍ പഠാന്‍കോട്ട് ഭീകരാക്രമണത്തെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.