പാകിസ്ഥാന്റെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ തകര്‍ത്തടിച്ച് പാകിസ്ഥാന്‍. ഇംഗ്ലണ്ടിന്റെ ബാസ്‌ബോളിനെ അനുസ്മരിപ്പിക്കുന്ന അറ്റാക്കിങ് ശൈലിയിലാണ് പാക് ബാറ്റര്‍മാര്‍ ബാറ്റ് വീശുന്നത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴുന്നുണ്ടെങ്കിലും അറ്റാക്കിങ് സ്ട്രാറ്റജിയില്‍ തന്നെ ഉറച്ചുനിന്നാണ് പാകിസ്ഥാന്‍ ബാറ്റ് വീശുന്നത്.
ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ പാകിസ്ഥാന്‍ 91 റണ്‍സിന് പിറകിലാണ്. നിലവില്‍ 45 ഓവറില്‍ 221 റണ്‍സിന് അഞ്ച് എന്ന നിലയിലാണ് ബാറ്റിങ് തുടരുന്നത്. 88 പന്തില്‍ നിന്നും 69 റണ്‍സ് നേടിയ സൗദ് ഷക്കീലും 84 പന്തില്‍ 61 റണ്‍സുമായി ആഘാ സല്‍മാനുമാണ് ക്രീസില്‍.
ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് രണ്ടാം ഓവറില്‍ തന്നെ സൂപ്പര്‍ താരം ഇമാം-ഉള്‍-ഹഖിനെ നഷ്ടമായിരുന്നു. പത്ത് പന്തില്‍ നിന്നും ഒറ്റ റണ്‍സ് മാത്രം നേടിയാണ് താരം പുറത്തായത്. കാസുന്‍ രജിതയുടെ പന്തില്‍ കാമിന്ദു മെന്‍ഡിസിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
ടീം സ്‌കോര്‍ 50 കടക്കും മുമ്പേ അബ്ദുള്ള ഷഫീഖിനെയും ലങ്കന്‍ ബൗളര്‍മാര്‍ മടക്കി, 28 പന്തില്‍ 19 റണ്‍സ് നേടി നില്‍ക്കവെ പ്രഭാത് ജയസൂര്യയുടെ പന്തില്‍ ധനഞ്ജയ ഡി സില്‍വക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
നിലവില്‍ പ്രഭാത് ജയസൂര്യ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കാസുന്‍ രജിത, രമേഷ് മെന്‍ഡിസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടിയിട്ടുണ്ട്.
നേരത്തെ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക ധനഞ്ജയ ഡി സില്‍വയുടെ സെഞ്ച്വറിയുടെ ബലത്തിലാണ് മോശമല്ലാത്ത സ്‌കോറിലേക്കുയര്‍ന്നത്. 214 പന്തില്‍ നിന്നും 122 റണ്‍സാണ് താരം നേടിയത്. ധനഞ്ജയക്ക് പുറമെ അര്‍ധസെഞ്ച്വറി നേടിയ ഏയ്ഞ്ചലോ മാത്യൂസും ലങ്കന്‍ ടോട്ടലിലേക്ക് കാര്യമായ സംഭാവന നല്‍കി. 109 പന്തില്‍ 64 റണ്‍സായിരുന്നു താരം നേടിയത്.
Innings break: After a shaky start at 54/4 in the opening session, 🇱🇰 made an impressive recovery. SL post 312 for the first inning.#SLvPAKpic.twitter.com/NWOZjMqjlW
പാകിസ്ഥാനായി ഷഹീന്‍ ഷാ അഫ്രിദി, നസീം ഷാ, അബ്രാര്‍ അഹമ്മദ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വിഴ്ത്തിയപ്പോള്‍ ആഘാ സല്‍മാന്‍ ശേഷിക്കുന്ന വിക്കറ്റും സ്വന്തമാക്കി. ഷഹീന്‍ അഫ്രിദി കരിയറിലെ നൂറാം ടെസ്റ്റ് വീക്കറ്റ് പിറന്ന മത്സരം കൂടിയായിരുന്നു ഇത്.
Content Highlight: Pakistan’s tour of Sri Lanka, 1st test Day 2 updates