വെറും മൂന്ന് റണ്‍സെടുക്കാമോ, അങ്ങനെയെങ്കില്‍ റെക്കോഡുണ്ട്; പാക് ക്രിക്കറ്റില്‍ ചരിത്രം കുറിക്കാന്‍ ബാബര്‍
Sports News
വെറും മൂന്ന് റണ്‍സെടുക്കാമോ, അങ്ങനെയെങ്കില്‍ റെക്കോഡുണ്ട്; പാക് ക്രിക്കറ്റില്‍ ചരിത്രം കുറിക്കാന്‍ ബാബര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 26th December 2024, 9:33 am

പാകിസ്ഥാന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ട് വണ്‍ ഓഫ് ടെസ്റ്റുകളില്‍ ആദ്യത്തെ മത്സരത്തിനാണ് ബോക്‌സിങ് ഡേ സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നത്. സെഞ്ചൂറിയനാണ് വേദി.

പര്യടനത്തിലെ ഏകദിന പരമ്പരയും ടി-20 പരമ്പരയും ആധികാരികമായി വിജയിച്ച പാകിസ്ഥാന്‍ ടെസ്റ്റ് മത്സരത്തിലും മികച്ച വിജയം നേടി പര്യടനം സമ്പൂര്‍ണമാക്കാനാണ് ഒരുങ്ങുന്നത്.

ആദ്യ ടെസ്റ്റില്‍ വെറും മൂന്ന് റണ്‍സ് നേടാന്‍ സാധിച്ചാല്‍ പാക് സൂപ്പര്‍ താരം ബാബര്‍ അസമിനെ ഒരു ചരിത്ര റെക്കോഡും കാത്തിരിക്കുന്നുണ്ട്. ടെസ്റ്റ് ഫോര്‍മാറ്റില്‍ 2000 റണ്‍സും ഏകദിനത്തില്‍ 5000 റണ്‍സും അന്താരാഷ്ട്ര ടി-20യില്‍ 2000 റണ്‍സും സ്വന്തമാക്കുന്ന ആദ്യ പാക് താരമെന്ന നേട്ടത്തിലേക്കാണ് ബാബര്‍ കണ്ണുവെക്കുന്നത്.

 

ഏകദിനത്തില്‍ കളിച്ച 120 ഇന്നിങ്‌സില്‍ നിന്നും 5957 റണ്‍സ് നേടിയ ബാബര്‍ ടി-20ഐയില്‍ 4223 റണ്‍സും നേടിയിട്ടുണ്ട്. 55 ടെസ്റ്റിലെ 100 ഇന്നിങ്‌സില്‍ നിന്നുമായി 43.92 ശരാശരിയില്‍ ഇതുവരെ 3997 റണ്‍സാണ് ബാബര്‍ നേടിയത്.

അതേസമയം, പാകിസ്ഥാനെതിരായ ഈ ടെസ്റ്റ് മത്സരം ആതിഥേയരായ സൗത്ത് ആഫ്രിക്കയെ സംബന്ധിച്ചും ഏറെ നിര്‍ണായകമാണ്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിക്കാന്‍ സൗത്ത് ആഫ്രിക്കയ്ക്ക് ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ നിന്നായി വെറും ഒരു വിജയമാണ് ആവശ്യമുള്ളത്. ഇതിലെ ആദ്യ മത്സരമാണ് സെഞ്ചൂറിയനില്‍ നടക്കുന്നത്.

നിലവില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കാന്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കുന്ന ടീം സൗത്ത് ആഫ്രിക്കയ്ക്കാണ്. ഈ സീസണില്‍ കളിച്ച പത്ത് മത്സരത്തില്‍ നിന്നും ആറ് ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമായി 63.33 എന്ന മികച്ച പോയിന്റ് ശതമാനമാണ് പ്രോട്ടിയാസിനുള്ളത്.

രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയക്കും മൂന്നാമതുള്ള ഇന്ത്യയ്ക്കും യഥാക്രമം 58.89, 55.88 എന്നിങ്ങനെയാണ് പോയിന്റ് ശതമാനമുള്ളത്. പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെ ടീമുകള്‍ക്കാണ് ഫൈനല്‍ കളിക്കാന്‍ അവസരമൊരുങ്ങുക.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ടീമുകള്‍ ബോക്‌സിങ് ഡേയില്‍ ഫൈനല്‍ ലക്ഷ്യമിട്ട് കളത്തിലിറങ്ങുന്നു എന്നതാണ് മറ്റൊരു പ്രധാന ആകര്‍ഷണം. പ്രോട്ടിയാസ് സെഞ്ചൂറിയനില്‍ ടെസ്റ്റിനിറങ്ങുമ്പോള്‍ ഇന്ത്യയും ഓസ്‌ട്രേലിയയും മെല്‍ബണിലാണ് ബോക്‌സിങ് ഡേ ടെസ്റ്റ് കളിക്കുന്നത്.

പാകിസ്ഥാന്‍ സ്‌ക്വാഡ്

അബ്ദുള്ള ഷഫീഖ്, ബാബര്‍ അസം, സയീം അയ്യൂബ്, സൗദ് ഷക്കീല്‍, ഷാന്‍ മസൂദ് (ക്യാപ്റ്റന്‍), ആമിര്‍ ജമാല്‍, കമ്രാന്‍ ഗുലാം, സല്‍മാന്‍ അലി ആഘാ, ഹസീബുള്ള ഖാന്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ഖുറാം ഷഹസാദ്, മിര്‍ ഹംസ, മുഹമ്മദ് അബ്ബാസ്, നസീം ഷാ, നോമന്‍ അലി.

സൗത്ത് ആഫ്രിക്ക സ്‌ക്വാഡ്

മാത്യൂ ബ്രീറ്റ്‌സ്‌കി, തെംബ ബാവുമ (ക്യാപ്റ്റന്‍), ടോണി ഡി സോര്‍സി, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഏയ്ഡന്‍ മര്‍ക്രം, കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ്, മാര്‍കോ യാന്‍സെന്‍, എസ്. മുത്തുസാമി, വിയാന്‍ മുള്‍ഡര്‍, ഡേവിഡ് ബെഡ്ഡിങ്ഹാം (വിക്കറ്റ് കീപ്പര്‍), കൈല്‍ വെരായ്‌നെ (വിക്കറ്റ് കീപ്പര്‍), റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), ഡാന്‍ പാറ്റേഴ്‌സണ്‍, കഗീസോ റബാദ, ക്വേന മഫാക്ക.

 

Content Highlight: Pakistan’s tour of South Africa: Babar Azam need 3 runs to get a unique record