പാകിസ്ഥാന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ ആതിഥേയരെ എറിഞ്ഞിട്ട് പാകിസ്ഥാന്‍. അഡ്‌ലെയ്ഡ് ഓവലില്‍ നടക്കുന്ന മത്സരത്തില്‍ വെറും 163 റണ്‍സിനാണ് കങ്കാരുക്കള്‍ പുറത്തായത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ഒരിക്കല്‍പ്പോലും പാകിസ്ഥാന് മേല്‍ സമ്മര്‍ദം ചെലുത്താനോ അപ്പര്‍ഹാന്‍ഡ് സ്വന്തമാക്കാനോ സാധിച്ചില്ല.
മികച്ച കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താന്‍ കങ്കാരുക്കളെ അനുവദിക്കാതെ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയാണ് പാക് ബൗളര്‍മാര്‍ പരമ്പരയില്‍ ഒപ്പമെത്താന്‍ ശ്രമിക്കുന്നത്.
48 പന്തില്‍ 35 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്താണ് ആതിഥേയരുടെ ടോപ് സ്‌കോറര്‍. മാത്യൂ ഷോര്‍ട്ടും ജോഷ് ഇംഗ്ലിസും വെടിക്കെട്ട് വീരന്‍മാരായ ലബുഷാനും ഗ്ലെന്‍ മാക്‌സ്‌വെല്ലും സമ്മര്‍ദഘട്ടങ്ങളില്‍ ടീമിന്റെ രക്ഷകനാകുന്ന ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും അടക്കമുള്ള വമ്പന്‍ താരനിരയുണ്ടായിട്ടും രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് സ്‌കോര്‍ ബോര്‍ഡില്‍ കാര്യമായി റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചില്ല.
സൂപ്പര്‍ താരം ഹാരിസ് റൗഫിന്റെ ബൗളിങ് മികവിലാണ് ഓസ്‌ട്രേലിയ തകര്‍ന്നടിഞ്ഞത്. എട്ട് ഓവറില്‍ വെറും 29 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ജോഷ് ഇംഗ്ലീസ്, മാര്‍നസ് ലബുഷാന്‍, ആരോണ്‍ ഹാര്‍ഡി, ഗ്ലെന്‍ മാക്‌സ്‌വെല്‍, ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് എന്നിവരെയാണ് റൗഫ് മടക്കിയത്.
റൗഫിന് കൂട്ടായി ഷഹീന്‍ അഫ്രിദിയും തകര്‍ത്തെറിഞ്ഞു. ഒരു മെയ്ഡന്‍ അടക്കം എട്ട് ഓവര്‍ പന്തെറിഞ്ഞ താരം മൂന്ന് വിക്കറ്റ് നേടി. മുഹമ്മദ് ഹസ്‌നെയ്‌നും നസീം ഷായുമാണ് ശേഷിച്ച വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയുടെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണിത്.
(സ്‌കോര്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
120/10 – ഹൊബാര്‍ട്ട് – 1997
139/10 – ബ്രിസ്‌ബെയ്ന്‍ – 2000
139/10 – ബ്രാബോണ്‍ – 1989
163/10 – അഡ്‌ലെയ്ഡ് – 2024*
അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ ആറ് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 26 റണ്‍സ് എന്ന നിലയിലാണ്. 13 പന്തില്‍ 12 റണ്‍സുമായി അബ്ദുള്ള ഷഫീഖും 24 പന്തില്‍ ആറ് റണ്‍സുമായി സയീം അയ്യൂബുമാണ് ക്രീസില്‍.
Content highlight: Pakistan’s tour of Australia: 2nd ODI updates