ഇസ്‌ലാമാബാദ്: പാകിസ്താനില്‍ തകര്‍ത്ത ഹിന്ദുക്ഷേത്രം ഉടന്‍ പണിതു നല്‍കണമെന്ന് പാക് സുപ്രീം കോടതി. ജസ്റ്റിസ് ഗുല്‍സാര്‍ അഹമ്മദ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവിട്ടത്.
2020 ഡിസംബറിലാണ് ക്ഷേത്രം തകര്‍ക്കപ്പെട്ടത്. വടക്ക് പടിഞ്ഞാറന്‍ പാകിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ കാരക് ജില്ലയിലെ ഹിന്ദു ക്ഷേത്രമാണ് തകര്‍ക്കപ്പെട്ടത്. സംഭവത്തില്‍ 26 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
തീവ്ര മുസ്ലിം സംഘടനയില്‍പ്പെട്ട 26 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഡിസംബര്‍ 30നാണ് ക്ഷേത്രം തകര്‍ക്കുകയും അഗ്‌നിക്കിരയാക്കുകയും ചെയ്തത്. ക്ഷേത്രത്തിലെ പുനരുദ്ധാരണത്തിനായുള്ള ജോലികള്‍ പുരോഗമിക്കവെ പ്രതിഷേധവുമായി എത്തിയ സംഘം ക്ഷേത്രം തകര്‍ക്കുകയും തീയിടുകയുമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ജാമിയത്ത് ഉലെമ ഇസ്ലാം പാര്‍ട്ടിയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പുനരുദ്ധാരണം നടന്ന ക്ഷേത്രത്തിന്റെ ഭാഗങ്ങളെല്ലാം ആക്രമണത്തില്‍ പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്.
ഇസ്ലാമാബാദില്‍ ഹിന്ദുവിഭാഗത്തില്‍പ്പെട്ടവരുടെ ആരാധനയ്ക്കായി ക്ഷേത്രം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണം. ക്ഷേത്രം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ഇതോടെ ന്യൂനപക്ഷമായ ഹിന്ദു മതത്തിലുള്ളവരുടെ അവകാശലംഘനമാണെന്ന വിമര്‍ശനമുയര്‍ന്നതോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.
അതേസമയം ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി പാകിസ്താന്‍ മതവകുപ്പ് മന്ത്രി നൂറുല്‍ ഹഖ് ഖാദ്രി അറിയിച്ചു. ദേശീയ ഐക്യത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണിതെന്നാണ് അദ്ദേഹം പറഞ്ഞത്.
ന്യൂനപക്ഷ സമുദായങ്ങളുടെ ആരാധനാലയങ്ങള്‍ തകര്‍ക്കുന്നത് ഇസ് ലാമിക തത്വങ്ങള്‍ക്ക് എതിരാണ്. അവരുടെ അവകാശങ്ങളും മതസ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടത് നമ്മുടെ ധാര്‍മിക ഉത്തരവാദിത്തമാണ്, അദ്ദേഹം ട്വിറ്ററിലെഴുതി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക