| Friday, 12th February 2021, 3:37 pm

കുറ്റവാളികള്‍ മാനസിക വെല്ലുവിളി നേരിടുകയാണെങ്കില്‍ വധശിക്ഷ നടപ്പാക്കരുതെന്ന് പാകിസ്താന്‍ സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കുറ്റവാളികള്‍ ഗുരുതര മാനസിക വെല്ലുവിളി നേരിടുന്ന അവസ്ഥയിലാണെങ്കില്‍ വധശിക്ഷ നടപ്പാക്കരുതെന്ന് പാകിസ്താന്‍ സുപ്രീം കോടതി. ശിക്ഷാവിധി എന്താണെന്ന് പോലും മനസ്സിലാകാത്തവിധം ഗുരുതര മാനസിക പ്രശ്‌നങ്ങള്‍ ഉള്ളവരെ മരണശിക്ഷക്ക് വിധിക്കുന്നത് നീതിയാവില്ലെന്നാണ് സുപ്രീം കോടതി പ്രസ്താവിച്ചത്.

ബുധനാഴ്ചയാണ് സുപ്രീം കോടതിയിലെ അഞ്ചംഗ ബെഞ്ച് ഈ വിധി പുറപ്പെടുവിച്ചത്. മാനസികമായി വെല്ലുവിളി നേരിടുന്ന മൂന്ന് തടവുകാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

‘ശിക്ഷിക്കപ്പെട്ട കുറ്റവാളിക്ക് മാനസിക വെല്ലുവിളി മൂലം ശിക്ഷാവിധിയുടെ കാരണം മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ വധശിക്ഷ നടപ്പാക്കുന്നത് നീതിക്ക് നിരക്കുന്നതല്ല,’ കോടതി നിരീക്ഷിച്ചു.

കോടതി വിധിയെ അഭിനന്ദിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തി. ‘സുപ്രീം കോടതി വിധിയെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഏറ്റവും ദുര്‍ബല വിഭാഗത്തില്‍ പെടുന്ന മാനസിക വെല്ലുവിളി നേരിടുന്ന തടവുകാര്‍ക്ക് ഒരിക്കലും വധശിക്ഷയെ കുറിച്ച് മനസ്സിലാക്കാന്‍ സാധിക്കില്ല,’ പാകിസ്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ പ്രതികരിച്ചു.

പുതിയ വിധിയുടെ പശ്ചാത്തലത്തില്‍ ശിക്ഷാനിയമങ്ങളില്‍ മാറ്റം വരുത്തണമെന്നും ജയില്‍ അധികൃതരെ ബോധവത്കരിക്കണമെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ശിക്ഷിക്കുക എന്ന ചിന്താഗതിയില്‍ നിന്നും മാറി പുനരിധിവാസവും കുറ്റവാളികളില്‍ മാറ്റവും കൊണ്ടുവരുന്ന തരത്തിലുള്ള നീതിന്യായവ്യവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകയായ സാറ ബെലാല്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Pakistan’s Supreme Court bans execution of people with mental illness

We use cookies to give you the best possible experience. Learn more