ലാഹോര്‍: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കേണ്ടതില്ലെന്ന് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യാ സര്‍ക്കാര്‍. മുഖ്യമന്ത്രി മുറാദ് അലി ഷായാണ് ഉന്നതതലയോഗത്തിന് ശേഷം ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചത്.
വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് ജൂലൈ മുതലുള്ള ശമ്പളം നല്‍കില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. വിശദമായ ഉത്തരവ് ധനമന്ത്രാലയം ഉടന്‍ പുറത്തിറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രവിശ്യയിലെ എല്ലാ അധ്യാപകരും ജൂണ്‍ അഞ്ചിന് മുന്‍പ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ജൂണ്‍ ഏഴിനാണ് പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുനരാരംഭിക്കുന്നത്.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 15,50,553 പേരാണ് സിന്ധ് പ്രവിശ്യയില്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്. ഇതില്‍ 11,21,000 ത്തോളം പേര്‍ ആദ്യ ഡോസാണ് സ്വീകരിച്ചിരിക്കുന്നത്.
അതേസമയം വ്യാഴാഴ്ച രാജ്യത്ത് 2028 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ പാകിസ്ഥാനിലെ കൊവിഡ് ബാധിതരുടെ എണ്ണം 9,26,695 ആയി.
24 മണിക്കൂറില്‍ 92 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 21022 ആയി. പാകിസ്ഥാനില്‍ സിന്ധ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് പ്രതിദിനം രോഗം ബാധിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറില്‍ 1041 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 22 മരണം റിപ്പോര്‍ട്ട് ചെയ്തു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Pakistan’s Sindh government to stop salaries of employees who refuse COVID-19 vaccines