വാക്‌സിനെടുക്കാത്തവര്‍ക്ക് ശമ്പളമില്ല; ഉത്തരവുമായി പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യാ സര്‍ക്കാര്‍
Covid Vaccine
വാക്‌സിനെടുക്കാത്തവര്‍ക്ക് ശമ്പളമില്ല; ഉത്തരവുമായി പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യാ സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd June 2021, 7:22 pm

ലാഹോര്‍: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കേണ്ടതില്ലെന്ന് പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യാ സര്‍ക്കാര്‍. മുഖ്യമന്ത്രി മുറാദ് അലി ഷായാണ് ഉന്നതതലയോഗത്തിന് ശേഷം ഇത്തരമൊരു നിര്‍ദേശം പുറപ്പെടുവിച്ചത്.

വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് ജൂലൈ മുതലുള്ള ശമ്പളം നല്‍കില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. വിശദമായ ഉത്തരവ് ധനമന്ത്രാലയം ഉടന്‍ പുറത്തിറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

പ്രവിശ്യയിലെ എല്ലാ അധ്യാപകരും ജൂണ്‍ അഞ്ചിന് മുന്‍പ് വാക്‌സിന്‍ സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നേരത്തെ ഉത്തരവിട്ടിരുന്നു. ജൂണ്‍ ഏഴിനാണ് പ്രവിശ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുനരാരംഭിക്കുന്നത്.

ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 15,50,553 പേരാണ് സിന്ധ് പ്രവിശ്യയില്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്. ഇതില്‍ 11,21,000 ത്തോളം പേര്‍ ആദ്യ ഡോസാണ് സ്വീകരിച്ചിരിക്കുന്നത്.

അതേസമയം വ്യാഴാഴ്ച രാജ്യത്ത് 2028 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതോടെ പാകിസ്ഥാനിലെ കൊവിഡ് ബാധിതരുടെ എണ്ണം 9,26,695 ആയി.

24 മണിക്കൂറില്‍ 92 പേര്‍ കൂടി മരിച്ചതോടെ ആകെ മരണം 21022 ആയി. പാകിസ്ഥാനില്‍ സിന്ധ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് പ്രതിദിനം രോഗം ബാധിക്കുന്നത്.