| Thursday, 9th November 2023, 8:52 pm

ആദ്യം ബാറ്റ് ചെയ്താല്‍ 287 റണ്‍സിന് ജയിക്കണം, ഇനി ചെയ്‌സിങ്ങാണെങ്കില്‍ 2.3 ഓവറില്‍ ജയിക്കണം; പാകിസ്ഥാന് ഇടിവെട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ശ്രീലങ്കക്കെതിരായ ന്യൂസിലാന്‍ഡിന്റെ പടുകൂറ്റന്‍ വിജയത്തിന് പിന്നാലെ യഥാര്‍ത്ഥത്തില്‍ തിരിച്ചടിയേറ്റിരിക്കുന്നത് പാകിസ്ഥാനാണ്. ഇംഗ്ലണ്ടിനെതിരായ തങ്ങളുടെ അവസാന മത്സരത്തില്‍ അപ്രാപ്യമായ വിജയലക്ഷ്യമാണ് സെമിയില്‍ പ്രവേശിക്കാന്‍ പാകിസ്ഥാന് ആവശ്യമായുള്ളത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ ഏറ്റവും ചുരുങ്ങിയത് 287 റണ്‍സിനെങ്കിലും വിജയിച്ചാല്‍ മാത്രമേ പാകിസ്ഥാന് സെമി ഫൈനല്‍ കളിക്കാന്‍ സാധിക്കൂ. ഇനി അഥവാ രണ്ടാമതാണ് ബാറ്റ് ചെയ്യുന്നതെങ്കില്‍ ഇംഗ്ലണ്ട് ഉയര്‍ത്തുന്ന വിജയലക്ഷ്യം 2.3 ഓവറില്‍ മറികടക്കുകയും വേണം.

ഉദാഹരണത്തിന് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് 300 റണ്‍സാണ് നേടുന്നതെങ്കില്‍ പാകിസ്ഥാന്‍ കേവലം ആറ് ഓവറില്‍ വിജയലക്ഷ്യം പൂര്‍ത്തീകരിക്കണം. എങ്കില്‍ മാത്രമേ നെറ്റ് റണ്‍ റേറ്റില്‍ ന്യൂസിലാന്‍ഡിനെ മറികടന്ന് നാലാം സ്ഥാനത്തേക്കെത്താന്‍ പാകിസ്ഥാന് സാധിക്കുകയുള്ളൂ.

ഇനി പാകിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്ത് 300 റണ്‍സ് നേടുകയാണെങ്കില്‍ വെറും 13 റണ്‍സിന് ഇംഗ്ലണ്ട് ഇന്നിങ്‌സ് അവസാനിപ്പിച്ചാല്‍ മാത്രമേ പാകിസ്താന് സെമി ഫൈനല്‍ സാധ്യതയുള്ളൂ. ഒരര്‍ത്ഥത്തില്‍ ഇംഗ്ലണ്ട് ടോസ് ജയിക്കുകയും ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്താല്‍ പാകിസ്ഥാന്റെ വിധി കുറിക്കപ്പെടും.

നിലവിലെ സാഹചര്യം കണക്കിലെടുക്കുകയാണെങ്കില്‍ 99.9 ശതമാനവും ഇന്ത്യ – ന്യൂസിലാന്‍ഡ് സെമി ഫൈനലിനാണ് സാധ്യത തെളിയുന്നത്.

അഞ്ചാം വിജയത്തിന് പിന്നാലെ ന്യൂസിലാന്‍ഡ് പത്ത് പോയിന്റോടെ നാലാം സ്ഥാനത്ത് തുടരുകയാണ്. +0.743 എന്ന റണ്‍ റേറ്റാണുള്ളത് ന്യൂസിലാന്‍ഡിന്. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള പാകിസ്ഥാനാകട്ടെ +0.36ഉം.

വമ്പന്‍ വിജയം മാത്രം ലക്ഷ്യമിട്ട് ചിന്നസ്വാമിയിലേക്കിറങ്ങിയ ന്യൂസിലാന്‍ഡ് ടോസ് നേടി ലങ്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 171 റണ്‍സിന് ഓള്‍ ഔട്ടായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് 23.2 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കുകയായിരുന്നു.

Content highlight: Pakistan’s semi final chances

We use cookies to give you the best possible experience. Learn more