| Sunday, 18th December 2022, 12:14 pm

പാകിസ്ഥാന്റെ പക്കല്‍ ആറ്റം ബോംബ് ഉണ്ടെന്ന് ഇന്ത്യ മറക്കരുത്: പാക് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: ഇന്ത്യക്കെതിരെ ആണവയുദ്ധം നടത്തുമെന്ന് പാകിസ്ഥാനിലെ രാഷ്ടീയ പ്രവര്‍ത്തക. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പാക് വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോയുടെ പരാമര്‍ശത്തിനെതിരെ ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ഷാസിയ മാരിയുടെ പ്രസ്താവന.

‘പാകിസ്ഥാന്റെ പക്കല്‍ ആറ്റം ബോംബ് ഉണ്ടെന്ന് ഇന്ത്യ മറക്കരുത്. ഞങ്ങള്‍ മിണ്ടാതിരിക്കില്ല. ആവശ്യം വന്നാല്‍ തിരിഞ്ഞു നോക്കാതെ പ്രവര്‍ത്തിക്കും,’ എന്നാണ് ഷാസിയ പറഞ്ഞത്. പാകിസ്ഥാന്‍ മാധ്യമമായ ബോള്‍ ന്യൂസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, ‘ഒസാമ ബിന്‍ ലാദന്‍ മരിച്ചു. എന്നാല്‍, ഗുജറാത്ത് കലാപത്തിന്റെ കശാപ്പുകാരന്‍ ജീവിച്ചിരിപ്പുണ്ട്. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്,’ എന്നായിരുന്നു ബിലാവലിന്റെ പരാമര്‍ശം.

ഐക്യരാഷ്ട്ര സംഘടനയിലടക്കം ബിലാവല്‍ നടത്തിയ പരാമര്‍ശം വിഷയമാക്കാനാണ് ബി.ജെ.പി ശ്രമം നടത്തുന്നത്.

വിഷയത്തില്‍ ബിലാവലിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബി.ജെ.പി. ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

‘ആഗോളതലത്തില്‍ ഇന്ത്യയെ അംഗീകരിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ അതേസമയം ലോകത്തിന് മുന്നില്‍ തങ്ങളുടെ നയങ്ങളുടെ പേരില്‍ അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍,’ ബി.ജെ.പി പ്രസ്താവനയില്‍ പറഞ്ഞു.

അതിനിടെ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയുടെ തല കൊയ്യുന്നവര്‍ക്ക് രണ്ട് കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച് ഉത്തര്‍പ്രദേശിലെ ബി.ജെ.പി നേതാവ് മനുപാല്‍ ബന്‍സാല്‍ രംഗത്തെത്തിയിരുന്നു.

Content Highlight: Pakistan’s political activist says nuclear war will be waged against India

We use cookies to give you the best possible experience. Learn more