| Tuesday, 13th December 2022, 2:16 pm

ആദ്യം പണികൊടുത്ത് ഇംഗ്ലണ്ട്, ഇപ്പോഴിതാ ഐ.സി.സിയും; പാകിസ്ഥാന്റെ ശനിദശ തീരുന്നില്ല

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാന്‍ ടീമിനിപ്പോള്‍ കഷ്ടകാലമാണ്. തുടര്‍ച്ചയായ പരാജയങ്ങളും ക്രിക്കറ്റ് ബോര്‍ഡും മുന്‍ താരങ്ങളുമായുള്ള തര്‍ക്കവും മേജര്‍ ടൂര്‍ണമെന്റുകളിലേറ്റ തിരിച്ചടിയും പ്രധാന പല താരങ്ങളുടെ പരിക്കും തുടങ്ങി എല്ലാം കൊണ്ടും പാകിസ്ഥാനിപ്പോള്‍ കണ്ടക ശനിയാണ്.

ഏറെ നാളുകള്‍ക്ക് ശേഷം ഇംഗ്ലണ്ട് പാകിസ്ഥാനിലെത്തി മാച്ച് കളിക്കുകയും സ്വന്തം കാണികള്‍ക്ക് മുമ്പില്‍ വെച്ച് തന്നെ ടെസ്റ്റ് പരമ്പരയില്‍ തോല്‍പിക്കുകയും ചെയ്തതോടെ പാക് ക്രിക്കറ്റിനേറ്റ മുറിവിന് നീറ്റലേറി.

2022ല്‍ സ്വന്തം മണ്ണില്‍ ഇതുവരെ അഞ്ച് ടെസ്റ്റ് കളിച്ച പാകിസ്ഥാന് ഒന്നില്‍പ്പോലും ജയിക്കാന്‍ സാധിച്ചിട്ടില്ല. ആദ്യ രണ്ട് ടെസ്റ്റുകള്‍ സമനിലയില്‍ കലാശിച്ചപ്പോല്‍ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ തോല്‍വിയുമറിഞ്ഞു.

ഇംഗ്ലണ്ടിന്റെ പാക് പര്യടനത്തിലെ ആദ്യ മത്സരം റാവല്‍പിണ്ടിയിലെ പിണ്ടി ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ചായിരുന്നു നടന്നത്. മത്സരത്തില്‍ 74 റണ്‍സിനായിരുന്നു പാകിസ്ഥാന്റെ പരാജയം.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യ ഇന്നിങ്‌സില്‍ 657 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 264 റണ്‍സ് നേടി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയും ചെയ്തപ്പോള്‍ പാകിസ്ഥാന് ആദ്യ ഇന്നിങ്‌സില്‍ 579ഉം രണ്ടാം ഇന്നിങ്‌സില്‍ 268 റണ്‍സും മാത്രമാണ് നേടാന്‍ സാധിച്ചത്.

ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ച് ഇംഗ്ലണ്ട് 1-0ന്റെ ലീഡ് സ്വന്തമാക്കിയിരുന്നു,

മുള്‍ട്ടാനില്‍ വെച്ച് നടന്ന രണ്ടാം ടെസ്റ്റിലും പാകിസ്ഥാന്‍ പരാജയം രുചിച്ചു. ഈ മത്സരത്തില്‍ ജയിച്ചേക്കുമെന്ന് ആരാധകരെക്കൊണ്ട് തോന്നിപ്പിച്ച ശേഷമായിരുന്നു പാകിസ്ഥാന്റെ പരാജയം.

രണ്ട് ഇന്നിങ്‌സുകളിലുമായി ഇംഗ്ലണ്ട് 281, 275 എന്നിങ്‌നെ റണ്‍സ് സ്വന്തമാക്കിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 202 റണ്‍സായിരുന്നു പാകിസ്ഥാന്‍ നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ 355 റണ്‍സ് ടാര്‍ഗെറ്റുമായി ഇറങ്ങിയ പാകിസ്ഥാന് 328 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചു. ഇതോടെ 26 റണ്‍സിന് പാകിസ്ഥാന്‍ മത്സരം അടിയറ വെച്ചു.

ഈ തോല്‍വിയോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പാകിസ്ഥാന്‍ പുറത്താവുകയും ചെയ്തു. ഡിസംബര്‍ 17ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റില്‍ മുഖം രക്ഷിക്കാനാവും പാകിസ്ഥാന്‍ ഇറങ്ങുന്നത്. ഇംഗ്ലണ്ടിനോടുള്ള വിജയം മാത്രമല്ല, 2022ല്‍ സ്വന്തം മണ്ണിലെ ആദ്യത്തേതും അവസാനത്തേതുമായ വിജയം കൂടിയാകും പാകിസ്ഥാന്‍ ലക്ഷ്യം വെക്കുന്നത്.

അതേസമയം, വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വളരെ നേരിയ സാധ്യത കല്‍പിക്കുന്നതിനാല്‍ ഇംഗ്ലണ്ടിനും വിജയിക്കണം.

ഇതിന് പുറമെ ഐ.സി.സിയുടെ വകയും പാകിസ്ഥാന്‍ ക്രിക്കറ്റിന് പണി കിട്ടിയിരിക്കുകയാണ്. പരമ്പരയിലെ ആദ്യ മത്സരം നടന്ന പിണ്ടി ക്രിക്കറ്റ് ഗ്രൗണ്ടിന് തുടര്‍ച്ചയായ രണ്ടാം തവണയും ശരാശരിയില്‍ താഴെ റേറ്റിങ്ങാണ് ഐ.സി.സി നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷവും പിണ്ടി ക്രിക്കറ്റ് ഗ്രൗണ്ടിന്റെ അവസ്ഥ ഇതുതന്നെയായിരുന്നു. ഐ.സി.സി നിയമം പ്രകാരം അഞ്ച് തവണ ഒരു ഗ്രൗണ്ടിന് ഡീമെറിറ്റ് പോയിന്റ് ലഭിച്ചാല്‍ ഒരു വര്‍ഷം അന്താരാഷ്ട്ര മത്സരങ്ങള്‍ നടക്കുന്നതില്‍ നിന്ന് വിലക്കാനും ഐ.സി.സിക്ക് സാധിക്കും.

ഒരു തവണ കൂടി നെഗറ്റീവ് റേറ്റിങ് ലഭിച്ചാല്‍ പിണ്ടി ക്രിക്കറ്റ് ഗ്രൗണ്ടിന് ഒരു വര്‍ഷം വിലക്ക് ലഭിക്കും.

Content highlight: Pakistan’s misfortune does not end there

We use cookies to give you the best possible experience. Learn more