'ആ യുദ്ധക്കൊതിയനായ മാധ്യമപ്രവർത്തകനും മോദിയും തമ്മിലുള്ളത് അവിശുദ്ധ കൂട്ടുകെട്ടാണ്'; ബലാക്കോട്ട് തെരഞ്ഞെടുപ്പ് കളിയാണെന്ന് ഞാൻ നേരത്തെ പറഞ്ഞതാണ്; ഇമ്രാൻ ഖാൻ
ഇസ്‌ലാമാബാദ്: 2019 ൽ ഇന്ത്യ നടത്തിയ ബലാക്കോട്ട് ആക്രമണം ബി.ജെ.പി തെരഞ്ഞടുപ്പ് വിജയത്തിന് വേണ്ടി ആസൂത്രണം ചെയ്തതാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ബലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങൾ നേരത്തെ റിപ്പബ്ലിക്ക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി അറിഞ്ഞിരുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് വിഷയത്തിൽ പാകിസ്താനും പ്രതികരണവുമായി രംഗത്തെത്തിയത്.
2019ൽ തന്നെ നരേന്ദ്ര മോദി സർക്കാർ എങ്ങിനെയാണ് തെരഞ്ഞെടുപ്പ് നേട്ടത്തിന് വേണ്ടി ബലാക്കോട്ട് ആക്രമണം ഉപയോഗിച്ചതെന്ന് യു.എൻ.ജി.എയുടെ മുന്നിൽ ഞാൻ വ്യക്തമാക്കിയതാണ്. ഇപ്പോൾ യുദ്ധകാഹളം മുഴക്കുന്നതിൽ പേരുകേട്ട ഇന്ത്യയിലെ ഒരു മാധ്യമ പ്രവർത്തകൻ അയച്ച സന്ദേശങ്ങൾ ഇന്ത്യൻ മീഡിയയും മോദി സർക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ചൂണ്ടിക്കാണിക്കുന്നത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞു.
വെള്ളിയാഴ്ചയാണ് അര്‍ണബിന്റെയും ബാര്‍ക് സി.ഇ.ഒ പാര്‍ഥോ ദാസിന്റെയും വാട്‌സ് ആപ്പ് ചാറ്റ് പുറത്തായത്.
പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി 2019 ഫെബ്രുവരി 26ന് ഇന്ത്യ ബാലക്കോട്ട് ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തെ കുറിച്ച് അര്‍ണബിന് നേരത്തെ അറിയാമായിരുന്നെന്നും ഈ ചാറ്റ് വിവരങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. 2019 ഫെബ്രുവരി 23ന് നടന്നെന്ന് പറയുന്ന ചാറ്റില്‍ ‘മറ്റൊരു വലിയ കാര്യം ഉടന്‍ സംഭവിക്കും’ എന്ന് അര്‍ണബ് പറയുന്നുണ്ട്.
അതിന് അര്‍ണബിന് ബാര്‍ക്ക് സി.ഇ.ഒ. ആശംസ അറിയിക്കുന്നുമുണ്ട്. അതിന് മറുപടിയായി തന്റെ ഓഫീസില്‍ വന്നാലറിയാം ഇപ്പോഴവിടെ ഉള്ള ആളുകളുടെ ഊര്‍ജമെന്നും തനിക്ക് ഒരു മാസം കൂടി ദല്‍ഹിയില്‍ തുടരേണ്ടതുണ്ടെന്നും അര്‍ണബിന്റേതായി പുറത്ത് വന്ന ചാറ്റില്‍ വിശദീകരിക്കുന്നു. ബി.ജെ.പി ആ വര്‍ഷവും തെരഞ്ഞെടുപ്പില്‍ തൂത്തുവാരുമെന്ന അറിയിപ്പും ചാറ്റില്‍ നല്‍കുന്നുണ്ട്.
പുല്‍വാമ ആക്രമണം മറ്റെല്ലാ മാധ്യമങ്ങളേക്കാളും നേരത്തെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞതിലൂടെ തങ്ങള്‍ക്ക് വന്‍വിജയം നേടാനായെന്നാണ് അര്‍ണബിന്റെ ചാറ്റില്‍ പറയുന്നത്.
2019 ഫെബ്രുവരി പതിനാലിന് കശ്മീരിലെ പുല്‍വാമയില്‍ നടന്ന തീവ്രവാദ ആക്രമണത്തില്‍ 40 ഇന്ത്യന്‍ ജവാന്മാരായിരുന്നു കൊല്ലപ്പെട്ടത്. രാജ്യത്തെ നടുക്കിയ, നിരവധി പട്ടാളക്കാരുടെ മരണത്തിന് ഇടയാക്കിയ തീവ്രവാദ ആക്രമണത്തിലും ടി.ആര്‍.പി റേറ്റിംഗിന് മാത്രമാണ് അര്‍ണബ് ഗോസ്വാമി പ്രാധാന്യം നല്‍കിയതെന്ന് വാട്‌സ്ആപ്പ് ചാറ്റ് വിവരങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവെച്ചുകൊണ്ട് നിരവധി പേര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.