| Friday, 13th January 2023, 4:33 pm

പാകിസ്ഥാന്റെ വിദേശ കരുതൽ ധന നിക്ഷേപം ഇടിഞ്ഞു; രാജ്യം നേരിടുന്നത് 2014ന് ശേഷമുള്ള വലിയ തകർച്ച

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്ലാമബാദ്: പാകിസ്ഥാന്റെ വിദേശ കരുതൽ ധന നിക്ഷേപം ഇടിഞ്ഞു. 4.3 ബില്യൺ യു.എസ് ഡോളർ എന്ന നിലയിലേക്കാണ് വിദേശ കരുതൽ നിക്ഷേപം ഇടിഞ്ഞത്. 2014 ന് ശേഷം രാജ്യത്തിന്റെ വിദേശ കരുതൽ ധന നിക്ഷേപത്തിൽ സംഭവിക്കുന്ന ഏറ്റവും വലിയ ഇടിവാണ് ഇപ്പോൾ രേഖപ്പെടുത്തപ്പെടുന്നത്.

പാകിസ്ഥാന്റെ വിദേശ കട ബാധ്യതകൾ തീർക്കുന്നതിന്റെ ഭാഗമായി കരുതൽ ധന നിക്ഷേപം ഉപയോഗിച്ചതാണ് പാകിസ്ഥാന്റെ ഈ തകർച്ചക്ക് പിന്നിലെന്നാണ് പാകിസ്ഥാൻ സെൻട്രൽ ബാങ്ക് പുറത്ത് വിട്ടിരിക്കുന്ന വിവരം.

രാജ്യത്തെ വാണിജ്യ ബാങ്കുകളുടെ പക്കൽ 5.8 ബില്യൺ യു.എസ് ഡോളറാണ് നീക്കിയിരിപ്പുള്ളതെന്ന് വ്യാഴാഴ്ച ദി സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ പ്രസ്താവിച്ചിരുന്നു.

2019ൽ ഐ.എം.എഫ് (ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്‌) മുഖേന ഏഴ് ബില്യൺ യു. എസ് ഡോളർ വായ്പയെടുക്കാനുള്ള ധാരണയുടെ ഭാഗമായി പാകിസ്ഥാന് ലഭിക്കാനുള്ള 1.1 ബില്യൺ യു.എസ് ഡോളർ കടമായി ഉടൻ ലഭിക്കുമെന്നും അതിലൂടെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയെ ഒരു പരിധി വരെ നേരിടാൻ കഴിയുമെന്നാണ് പാകിസ്ഥാന്റെ പ്രതീക്ഷയെന്നുമാണ് അൽ ജസീറ റിപ്പോർട്ട്‌ ചെയ്യുന്നത്.

പാകിസ്ഥാൻ പ്രധാനമന്ത്രിയായ ഷെഹബാസ് ശരീഫിന്റെ യു.എ.ഇ സന്ദർശന ഫലമായി യു.എ.ഇ പാകിസ്ഥാന് നേരത്തെ വാഗ്ദാനം ചെയ്തിരുന്ന രണ്ട് ബില്യൺ യു. എസ് ഡോളറിന് പുറമേ ഒരു ബില്യൺ യു. എസ് ഡോളർ കൂടി കടമായി നേടിയെടുക്കാൻ പാകിസ്ഥാനായിട്ടുണ്ട്.

കാറ്റസ്ട്രോഫിക് വെള്ളപൊക്കം മൂലം 30 ബില്യൺ യു. എസ് ഡോളറിന്റെ നഷ്ടം സംഭവിച്ചത് രാജ്യത്തെ സാമ്പത്തികമായി വലിയ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരുന്നു. 33 മില്യൺ ആളുകൾ മരണപ്പെട്ട വെള്ളപ്പൊക്കത്തിൽ 1700ഓളം ആളുകൾക്കാണ് ജീവഹാനിയുണ്ടായത്.

ദീർഘകാല സാമ്പത്തിക നയങ്ങൾക്ക് പകരം ഹൃസ്വകാല സാമ്പത്തിക പദ്ധതികളും നയങ്ങളും രൂപീകരിച്ചാൽ മാത്രമേ പാകിസ്ഥാന് ഇപ്പോൾ ബാധിച്ചിരിക്കുന്ന സാമ്പത്തിക ഞ്ഞെരുക്കത്തിൽ നിന്നും രക്ഷപ്പെടാനാവൂ എന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന ഉപദേശം.

കൂടാതെ അടുത്ത രണ്ട് വർഷം കൊണ്ട് ഏകദേശം 20 ബില്യൺ കടബാധ്യത തിരിച്ചടക്കേണ്ട പാകിസ്ഥാന് അടുത്ത മൂന്ന് വർഷം കൊണ്ട് ഏകദേശം 10 ബില്യൺ യു.എസ് ഡോളർ സഹായ ധനമായി നൽകാൻ ജനീവയിൽ ചേർന്ന യുണൈറ്റഡ് നേഷൻ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

Content Highlights:Pakistan’s foreign reserves fall; The country is facing the biggest collapse since 2014

We use cookies to give you the best possible experience. Learn more