ഇസ്രാഈല്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നുവെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി; മന്ത്രിയുടേത് ജൂതവിരുദ്ധ പരാമര്‍ശമെന്ന് അവതാരക
Israel–Palestinian conflict
ഇസ്രാഈല്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നുവെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി; മന്ത്രിയുടേത് ജൂതവിരുദ്ധ പരാമര്‍ശമെന്ന് അവതാരക
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st May 2021, 3:35 pm

ജോര്‍ജിയ: ആഴത്തിലുള്ള ബന്ധങ്ങള്‍ ഉപയോഗിച്ച് ഇസ്രാഈല്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നുവെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷി. സി.എന്‍.എന്‍ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ മന്ത്രി പറഞ്ഞത് ജൂതവിരുദ്ധ പരമാര്‍ശമാണെന്നായിരുന്നു അഭിമുഖം നിയന്ത്രിച്ച മാധ്യമപ്രവര്‍ത്തക ബിയന്ന ഗോലോഡ്രിഗയുടെ മറുപടി.

ഇസ്രാഇാല്‍- ഫലസ്തീന്‍ വിഷയത്തിലുള്ള ചര്‍ച്ചയില്‍ ഇസ്രാഈല്‍ മാധ്യമങ്ങളെ നിയന്ത്രിക്കുന്നു എന്ന് ഖുറേഷി പറഞ്ഞപ്പോള്‍ മനസ്സിലായില്ലാ എന്ന് അവതാരക ഗൊലോഡ്രിഗ തിരിച്ചു ചോദിക്കുകയായിരുന്നു. ഇതിനു മറുപടിയായി അവര്‍ക്ക് ‘ആഴത്തിലുള്ള പോക്കറ്റുകള്‍’ ഉണ്ടെന്ന് ഖുറേഷി മറുപടി പറഞ്ഞു. ഇതോടെ മന്ത്രിയുടെ ആരോപണം ജൂത വിരുദ്ധമാണെന്നായിരുന്നു അവതാരകയുടെ പ്രതികരണം.

‘ഇസ്രാഈലിന് വലിയ സ്വാധീനമുണ്ട്, മാധ്യമങ്ങളില്‍ അവര്‍ക്ക് ധാരാളം കവറേജ് ലഭിക്കുന്നു, ഗാസക്കെതിരായ ഇസ്രാഈലിന്റെ ആക്രമണം വംശീയ ഉന്മൂലനവും യുദ്ധക്കുറ്റവുമാണ്,’ ഷാ മഹമൂദ് ഖുറേഷി സി.എന്‍.എന്‍ അഭിമുഖത്തില്‍ പറഞ്ഞു.

എന്നാല്‍ ഇസ്രാഈലും ഹമാസും തമ്മിലുള്ള സംഘര്‍ഷത്തെക്കുറിച്ചുള്ള ചര്‍ച്ചക്കിടെ പാക്ക്
വിദേശകാര്യമന്ത്രി യഹൂദ വിരുദ്ധ ആക്ഷേപം ഉന്നയിച്ചു എന്നായിരുന്നു അഭിമുഖത്തിന് ശേഷം അവതരക ഗൊലോഡ്രിഗ ട്വീറ്റ് ചെയ്തത്.

അതേസമയം, കഴിഞ്ഞ 11 ദിവസമായി ഫലസ്തീനെതിരെ നടത്തിവന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതായി ഇസ്രാഈല്‍ അറിയിച്ചു. ഈജിപ്ത് മുന്നോട്ടുവെച്ച മധ്യസ്ഥ ഫോര്‍മുല അംഗീകരിച്ചതായും വെടിനിര്‍ത്തലിന് തങ്ങള്‍ തയ്യാറാണെന്നും ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ വെടി നിര്‍ത്തല്‍ നിലവില്‍ വന്നതായാണ് റിപ്പോര്‍ട്ട്. ഇസ്രാഈലിന് പിന്നാലെ ഹമാസും വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പതിനൊന്ന് ദിവസം നീണ്ട ഇസ്രാഈല്‍ ആക്രമണത്തില്‍ 232 ഫലസ്തീനികളാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 65 കുട്ടികളും 39 സ്ത്രീകളും ഉള്‍പ്പെടുന്നു.

1900 പേര്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്. ഹമാസ് നടത്തിയ പ്രത്യാക്രമണങ്ങളില്‍ രണ്ട് കുട്ടികളും ഒരു മലയാളിയും ഉള്‍പ്പെടെ 12 പേര്‍ ഇസ്രാഈലിലും കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കുകളുമുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

CONTENT HIGHLGHTS: Pakistan’s foreign minister says Israel controls media