റാവല്‍പിണ്ടി: സൗദി അറേബ്യയെ പ്രകീര്‍ത്തിച്ച് പാകിസ്ഥാന്റെ ആദ്യ വനിതാ പട്ടാള ജനറല്‍. സ്ത്രീകളുടെ ഉന്നമനത്തിനായി മികച്ച പരിഷ്‌കരണങ്ങളാണ് സൗദി അറേബ്യ കൊണ്ടുവരുന്നതെന്നായിരുന്നു പാകിസ്ഥാന്‍ വനിതാ പട്ടാള ജനറല്‍ നിഗര്‍ ജോഹര്‍ പ്രതികരിച്ചത്.
സ്ത്രീ ശാക്തീകരണത്തിനായി ഈയിടെ സൗദി മികച്ച പദ്ധതികളാണ് നടപ്പില്‍ വരുത്തുന്നതെന്നും വനിതാ ജനറല്‍ പറഞ്ഞു.
”സൗദി അറേബ്യയില്‍ ഒരുപാട് നിയന്ത്രണങ്ങളുണ്ടായിരുന്നു. എന്നാല്‍, സല്‍മാന്‍ രാജാവിന്റെ പ്രശംസനീയമായ ചില നടപടികള്‍ കാരണം ഇന്ന് അവിടെ സ്ത്രീകള്‍ വണ്ടികളോടിക്കുന്നു.
ഞാന്‍ ഉംറ ചെയ്യുന്നതിനായി ഈയിടെ അവിടെ പോയിരുന്നു. അവിടെ സ്ത്രീ ഡ്രൈവേഴ്‌സിനെ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി,” അറബ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ നിഗര്‍ ജോഹര്‍ പറഞ്ഞു.
സൗദിയില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്ത്രീകള്‍ പൊതുരംഗത്തേക്ക് കൂടുതലായി കടന്നുവരുന്നുണ്ട്. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലും ഉന്നത നയതന്ത്ര രംഗത്തും സ്ത്രീകള്‍ കൂടുതലായി നിയമിക്കപ്പെടുന്നുണ്ട്.