കറാച്ചി: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ആഞ്ഞടിച്ച് പാക് മന്ത്രി. പാകിസ്ഥാന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് വകുപ്പ് മന്ത്രി മറിയം ഔറംഗസേബാണ് ഇമ്രാന്‍ ഖാനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയത്.
രാഷ്ട്രീയ അരക്ഷിതാവസ്ഥയും കുഴപ്പങ്ങളും സൃഷ്ടിച്ച് അതുവഴി സാമ്പത്തിക അസ്ഥിരതയിലേക്ക് രാജ്യത്തെ കൊണ്ടുപോകാനാണ് ഇമ്രാന്‍ ഖാന്റെ നീക്കമെന്നാണ് മറിയം ഔറംഗസേബ് ആരോപിച്ചത്.
ഇമ്രാന്‍ ഖാന്റെ ഭരണം രാജ്യത്തെ മാധ്യമങ്ങളുടെ ഇരുണ്ട കാലഘട്ടമാണെന്നും പാകിസ്ഥാനെ മറ്റൊരു ശ്രീലങ്കയാക്കി മാറ്റാന്‍ ഇമ്രാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും മറിയം ഔറംഗസേബ് നേരത്തെ പറഞ്ഞിരുന്നു.
ഇമ്രാന്‍ ഖാന്റെ ഭരണകാലത്ത് മാധ്യമപ്രവര്‍ത്തകര്‍ ജീവന് ഭീഷണി നേരിട്ടിരുന്നു എന്ന് തെളിയിക്കുന്ന ‘റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സി’ന്റെ റിപ്പോര്‍ട്ടുകളുണ്ടെന്നും മറിയം ആരോപിച്ചിരുന്നു.
”തനിക്കെതിരായി എന്തെങ്കിലും വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ ഇമ്രാന്‍ ഖാന്‍ ആ മാധ്യമപ്രവര്‍ത്തകനെ പിന്നെ ജീവനോടെ വിടില്ല. തന്റെ ഭരണകാലത്ത് മാധ്യമങ്ങള്‍ സ്വതന്ത്രമായിരുന്നുവെന്നും മാധ്യമങ്ങള്‍ക്ക് യാതൊരു നിയന്ത്രണവും സെന്‍സര്‍ഷിപ്പും ഇല്ലായിരുന്നെന്നും ഇമ്രാന്‍ പറയുന്നു.
എന്നാല്‍ ഇമ്രാന്‍ ഖാന്റെ കാലത്ത് വാര്‍ത്താ ഏജന്‍സികള്‍ നിരോധിക്കപ്പെട്ടു, ചാനലുകള്‍ അടച്ചുപൂട്ടി, മാധ്യമപ്രവര്‍ത്തകര്‍ക്ക് ജീവന് ഭീഷണിയുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു. ഇമ്രാന്‍ ഖാന്‍ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയിരുന്നു,” മറിയം ഔറംഗസേബ് പറഞ്ഞതായി പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫ് (പി.ടി.ഐ) വന്‍ വിജയം നേടിയിരുന്നു. പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് നവാസിനെ തൂത്തെറിഞ്ഞ് കൊണ്ടായിരുന്നു ഈ വിജയം.
പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കപ്പെട്ട ഇമ്രാന്‍ ഖാന്റെ രാഷ്ട്രീയ തിരിച്ചുവരവായും ഈ വിജയം വിലയിരുത്തപ്പെട്ടിരുന്നു.
ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പാര്‍ലമെന്റിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് നേരത്തേ നടത്തണമെന്നാവശ്യപ്പെട്ട് ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു.
2023 ഒക്ടോബറിലാണ് പാകിസ്ഥാനില്‍ അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് അതിന് മുമ്പേ തന്നെ നടത്തണമെന്നാണ് ഇപ്പോള്‍ ഇമ്രാന്റെ ആവശ്യം.
Content Highlight: Pakistan’s federal minister says Imran Khan wants to create political chaos in the country