| Sunday, 17th November 2024, 7:42 pm

വി.പി.എന്‍ ശരീഅത്ത് നിയമത്തിന് വിരുദ്ധമെന്ന് പാകിസ്ഥാന്‍ ഭരണഘടന വിഭാഗം; പൂട്ട് വീഴാന്‍ സാധ്യത

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലമാബാദ്: ഇന്റര്‍നെറ്റ് ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ കടുപ്പിച്ചുകൊണ്ടിരിക്കുന്ന പാകിസ്ഥാനില്‍ വി.പി.എന്നിനും പൂട്ട് വീഴാന്‍ സാധ്യത. വി.പി.എന്‍ (വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക്) ഉപയോഗിക്കുന്നത് അനിസ്‌ലാമികം ആണെന്നാണ് പാകിസ്ഥാന്‍ ഭരണഘടന മതവിഭാഗത്തിന്റെ പുതിയ ഉത്തരവില്‍ പറയുന്നത്.

അധാര്‍മികവും അശ്ലീലവുമായ വെബ്സൈറ്റുകള്‍ വി.പി.എന്‍ വഴി സന്ദര്‍ശിക്കുന്നതിനാല്‍ ഇതുവഴി തെറ്റായ വിവരങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുവെന്ന് ഭരണഘടന വിഭാഗം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അതിനാല്‍ ഇത്തരത്തിലുള്ള നിരോധിത ഉള്ളടക്കം കാണാന്‍ ഉപയോഗിക്കുന്ന വി.പി.എന്നുകള്‍  ഇസ്‌ലാമിക വിരുദ്ധമാണെന്നാണ് പ്രസ്താവനയില്‍ പറയുന്നത്.

‘നിരോധിക്കപ്പെട്ടതോ നിയമവിരുദ്ധമായതോ ആയ ഉള്ളടക്കം ആക്സസ് ചെയ്യുന്നതിന് വി.പി.എന്‍ ഉപയോഗിക്കുന്നത് ഇസ്‌ലാമികവും സാമൂഹികവുമായ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്, അതിനാല്‍, ഇസ്‌ലാമിക നിയമപ്രകാരം അവയുടെ ഉപയോഗം സ്വീകാര്യമല്ല. ഇത് പാപത്തില്‍ ഏര്‍പ്പെടുന്നതിന് തുല്യമാണ്,’ കൗണ്‍സില്‍ ചെയര്‍മാന്‍ റാഗിബ് നയീമ പറഞ്ഞു.

പാകിസ്ഥാന്‍ ഗവണ്‍മെന്റ് രാജ്യവ്യാപകമായി ഫയര്‍വാള്‍ വിന്യസിക്കുകയും സംസ്ഥാനത്തെ മീഡിയ റെഗുലേറ്ററില്‍ വി.പി.എന്നുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉപയോക്താക്കളോട് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ പ്രസ്താവന വന്നത്. സൈബര്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും തീവ്രവാദത്തിനെതിരെ പോരാടുന്നതിനും ഇത്തരം നിയന്ത്രണങ്ങള്‍ പ്രധാനമാണെന്നാണ് പാക് ഗവണ്‍മെന്റ് ചൂണ്ടിക്കാണിക്കുന്നത്.

നിയമവിരുദ്ധമായ വി.പി.എന്നുകള്‍ തടയണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം പാകിസ്ഥാന്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റിക്ക് കത്തയച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഭരണഘടന വിഭാഗത്തിന്റ പ്രസ്താവന പുറത്ത് വരുന്നത്.

അതേസമയം വി.പി.എന്നുമായി ബന്ധപ്പെട്ട് പുറത്ത് വന്ന പ്രസ്താവന നയീമിയുടെ വ്യക്തിപരമായ പ്രസ്താവനയാണെന്നും കൗണ്‍സിലിന്റെ തീരുമാനമല്ലെന്നും മറ്റൊരു സി.ഐ.ഐ അംഗം പറഞ്ഞതായി പാന്‍ പാകിസ്ഥാന്‍ പത്രമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടെക്‌നോളജികള്‍ ഉപയോഗിച്ച് ഇത്തരത്തിലുള്ള അധാര്‍മികമായ ഉള്ളടക്കങ്ങള്‍ കാണുന്നത് മതവുമായി കൂട്ടിക്കലര്‍ത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Pakistan’s constitution department says VPN is against Sharia law Pakistan’s constitution department says VPN is against Sharia law

Latest Stories

We use cookies to give you the best possible experience. Learn more