| Thursday, 4th January 2018, 4:49 pm

കുല്‍ഭൂഷണിന്റെ വീഡിയോയുമായി പാകിസ്ഥാന്‍; വ്യാജമെന്ന് ഇന്ത്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചാരവൃത്തിക്കേസില്‍ പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവിക സേനാ മേധാവി കുല്‍ഭൂഷണ്‍ ജാദവിന്റെ പുതിയ വീഡിയോയുമായി പാകിസ്ഥാന്‍ രംഗത്ത്. കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയും ഭാര്യയും അദ്ദേഹത്തെ പാക് ജയിലില്‍ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടുള്ള വീഡിയോയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

പാക് ഉദ്യോഗസ്ഥര്‍ തന്നെ ഉപദ്രവിച്ചിട്ടില്ലെന്നും അമ്മയും ഭാര്യയും വിഷമിക്കരുതെന്നും കുല്‍ഭൂഷണ്‍ പറയുന്നതാണ് വീഡിയോ. ബന്ധുക്കളെ കാണാന്‍ അനുവദിച്ച പാക് ഭരണകൂടത്തിന് നന്ദി രേഖപ്പടുത്തുന്നതായും വീഡിയോയില്‍ പറയുന്നുണ്ട്.

പാക് സന്ദര്‍ശത്തിനിടെ കുല്‍ഭൂഷണിന്റെ അമ്മയോടും ഭാര്യയോടും അധികൃതര്‍ മോശമായി പെരുമാറിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സന്ദര്‍ശനത്തിനിടെ ഭാര്യയുടെ താലിമാലയും ചെരുപ്പും ഊരിവാങ്ങിയ സംഭവങ്ങള്‍ ഇന്ത്യയില്‍ വന്‍പ്രതിഷേധം സൃഷ്ടിച്ചിരുന്നു.

കൂടിക്കാഴ്ചക്കിടെ തെറ്റിദ്ധാരണ പരത്താന്‍ പാക് അധികൃതര്‍ ശ്രമിച്ചത് കുല്‍ഭൂഷണിന്റെ അമ്മ ഇടപെട്ട് പരാജയപ്പെടുത്തിയിരുന്നു. പാക് ഉദ്യോഗസ്ഥര്‍ പഠിപ്പിച്ചുവിട്ട കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ച കുല്‍ഭൂഷണിനെ അമ്മ അവന്തി ജാദവ് തടഞ്ഞിരുന്നു. ബിസിനസ് ആവശ്യങ്ങള്‍ക്കായി ഇറാനിലെത്തിയ കുല്‍ഭൂഷണ്‍ജാദവിനെ അവിടെ നിന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നുള്ള കാര്യങ്ങള്‍ പാക് അധികൃതരെ അറിയിക്കാന്‍ അവര്‍ നിര്‍ദ്ദേശിച്ചിരുന്നു.

തെറ്റിദ്ധാരണ പരത്താനുള്ള ശ്രമം പരാജയപ്പെട്ടതിനുപിന്നാലെയാണ് പുതിയ വീഡിയോയുമായി പാക് ഭരണകൂടം രംഗത്തെത്തിയിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്.

We use cookies to give you the best possible experience. Learn more