ന്യൂദല്‍ഹി: ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് നിയന്ത്രണ രേഖ മറികടന്നത് സ്ഥിരീകരിച്ച് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി. ഇന്ത്യയുടെ ഭാഗത്തുനിന്നും ഇത്തരം ആക്രമണമുണ്ടാകുമെന്ന സൂചനകള്‍ പാക്കിസ്ഥാന് ലഭിച്ചിരുന്നെന്നും ഖുറേഷി പറഞ്ഞു.
” ഇന്ത്യ ഇതുപോലെ എന്തെങ്കിലും ചെയ്യുമെന്ന് ഞങ്ങള്‍ ലോകത്തോട് പറഞ്ഞിരുന്നതാണ്. ഇന്ന് അവര്‍ ചെയ്തിരിക്കുന്നു.” അദ്ദേഹം പറയുന്നു.
” പാക്കിസ്ഥാനു മീതെ കൂടിയിരിക്കുന്ന അപകടത്തിന്റെ കാര്‍മേഘങ്ങളെ എനിക്കു കാണാം. പാക്കിസ്ഥാന്‍ സജീവവും ശക്തവുമാണ്. ഉത്തരവാദിത്തമുള്ള രാഷ്ട്രമാണ് ഞങ്ങളുടേത്. തന്ത്രപരമായും ഉത്തരവാദിത്തത്തോടുകൂടിയും പ്രതികരിക്കും. ഞങ്ങളുടെ താല്‍പര്യങ്ങള്‍ എങ്ങനെ സംരക്ഷിക്കണമെന്ന് പാക്കിസ്ഥാന് അറിയാം.” ഖുറേഷി പറഞ്ഞു.
നിയന്ത്രണ രേഖ മറികടന്നുള്ള ഇന്ത്യയുടെ ആക്രമണം കടന്നുകയറ്റമാണെന്നാണ് പാക് വിദേശകാര്യ മന്ത്രി പറഞ്ഞത്. “യോജിച്ച മറുപടി നല്‍കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്. സ്വയം പ്രതിരോധിക്കാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ട്.” അദ്ദേഹം പറഞ്ഞു.
പാക് അധീന കശ്മീരില്‍ ഇന്ത്യയുടെ വ്യോമാക്രമണമുണ്ടായ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഇന്ത്യ ആക്രമിക്കുകയാണെങ്കില്‍ തിരിച്ചടിക്കാന്‍ പാക്കിസ്ഥാന്‍ രണ്ടാമതൊന്ന് ചിന്തിക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍ അടുത്തിടെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
പാക് അധീന കശ്മീരില്‍ ജെയ്‌ഷെ ഭീകരരുടെ താവളം ഇന്ത്യന്‍ വ്യോമസേന തകര്‍ത്തെന്ന റിപ്പോര്‍ട്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.