മോദി പാക്കിസ്ഥാനെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിക്കാത്തത് അപ്രധാനം; പ്രതികരിച്ച് പാക് വിദേശകാര്യമന്ത്രി
India Pak Issues
മോദി പാക്കിസ്ഥാനെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിക്കാത്തത് അപ്രധാനം; പ്രതികരിച്ച് പാക് വിദേശകാര്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th May 2019, 5:47 pm

കറാച്ചി: രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണമില്ലാത്തതില്‍ പ്രതികരിച്ച് പാക്കിസ്ഥാന്‍. ചടങ്ങിലേക്ക് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ക്ഷണിക്കാത്തത് അപ്രധാനമാണ്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും നരേന്ദ്രമോദിയുടെ ശ്രദ്ധ പാക്കിസ്ഥാനെ പ്രഹരിക്കുകയായിരുന്നെന്നും പാക് വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷി പറഞ്ഞു.

‘തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പോലും നരേന്ദ്ര മോദിയുടെ ശ്രദ്ധ പാക്കിസ്ഥാനെ പ്രഹരിക്കുന്നതില്‍ ആയിരുന്നു. അദ്ദേഹത്തിന് ഇക്കാര്യങ്ങളില്‍നിന്നും പെട്ടെന്ന് പുറത്ത് കടക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നത് ബുദ്ധിപരമല്ല. കശ്മീര്‍ വിഷയത്തിലും സിയാച്ചിന്‍, സിര്‍ ക്രീക്ക് പോലുള്ള വിഷയങ്ങളിലും ചര്‍ച്ചകള്‍ നടത്തുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ സഹായിക്കും. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുന്നതിനെക്കാള്‍ പ്രധാനം അത്തരം കാര്യങ്ങള്‍ക്കാണ്’, ഖുറേഷി പറഞ്ഞു.

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ബംഗ്ലാദേശ്, ഭൂട്ടാന്‍, മ്യാന്‍മര്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളടങ്ങിയ ബിംസ്റ്റെക് രാഷ്ട്രത്തലവന്മാര്‍ക്ക് ക്ഷണമുണ്ട്. 2014ല്‍ മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അന്നത്തെ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് പങ്കെടുത്തിരുന്നു. ഇതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്ടമളമാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഇത് പ്രതീക്ഷിച്ചപോലെ നടന്നില്ല.

 

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ മോദിയുടെ വിജയത്തില്‍ ഇമ്രാന്‍ ഖാന്‍ അഭിനന്ദനമറിയിച്ചിരുന്നു. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനമെന്നത് ആരോഗ്യകരമായ ആശയവിനിമയാണ്. ഇതിനുള്ള ശ്രമത്തിന്റഎ ഭാഗമായാണ് ഇമ്രാന്‍ ഖാന്‍ മോദിയെ അഭിനന്ദനം അറിയിച്ചതെന്നു ഖുറേഷി വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ ഒഴിവാക്കുകയാണ് പാക്കിസ്ഥാന്റെ ലക്ഷ്യമെന്നും തങ്ങള്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദനമര്‍പ്പിച്ചന് പിന്നാലെ ഫോണില്‍ വിളിച്ചും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മോദിക്ക് ആശംസകളര്‍പ്പിച്ചിരുന്നു. ജനങ്ങളുടെ സമാധാനത്തിനും വളര്‍ച്ചയ്ക്കുമായി ഇരുരാജ്യങ്ങള്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്താമെന്ന ആഗ്രഹമാണ് ഖാന്‍ ആശംസയില്‍ അറിയിച്ചത്. സൗത്ത് ഏഷ്യയുടെ സമാധാനത്തിനും പുരോഗതിക്കും സമ്പല്‍ സമൃദ്ധിക്കും മോദിയുമൊത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരം കാത്തിരിക്കുന്നെന്ന് ഖാന്‍ വ്യക്തമാക്കിയിരുന്നു.