ഇസ്‌ലാമാബാദ്: 2008 ലെ മുബൈ ഭീകരാക്രമണ കേസില്‍ ഇന്ത്യയോട് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കണമെന്ന ആവശ്യവുമായി പാക്കിസ്ഥാന്‍ വീണ്ടു. ഭീകരാക്രമണ കേസിലെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെങ്കില്‍ പ്രതികളായ സാക്കിയൂര്‍ റഹ്മാന്‍ ലഖ്വി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ വേണമെന്നാണ് പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ലഷ്‌കര്‍ ഇ തൊയ്ബ അംഗമായ ലഖ്‌വി ഉള്‍പ്പെടെ ആറ് പേരെയാണ് കേസില്‍ പ്രതികളായി ചേര്‍ത്തിരിക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി കേസിന്റെ വിചാരണ റാവല്‍പിണ്ടിയിലെ ഭീകരവാദ വിരുദ്ധ കോടതിയില്‍ നടക്കുകയാണ്.
വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിക്ക് തങ്ങളുടെ വിദേശകാര്യ സെക്രട്ടറി കത്തെഴുതിയിട്ടുണ്ടെന്ന് പാക് വിദേശകാര്യ വക്താവ് നഫീസ് സക്കാരിയ പറഞ്ഞു. ഇന്ത്യയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. അതേസമയം കത്തെഴുതിയത് എന്നാണെന്ന് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ഇന്ത്യയുമായുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ചകളിലൂടെ മാത്രമേ പരിഹരിക്കാന്‍ കഴിയുകയുള്ളൂ എന്നും സക്കാരിയ അഭിപ്രായപ്പെട്ടു.
സാക്കിയുര്‍ റഹ്മാന്‍ ലഖ്‌വി ഉള്‍പ്പെടെ ലഷ്‌കര്‍ ഇ തൊയ്ബ ബന്ധമുള്ള ഏഴ് പേരെയാണ് ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താന്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. 2008 നവംബറില്‍ നടന്ന ലോകത്തെ തന്നെ നടുക്കിയ രണ്ട് ദിവസം നീണ്ട ഭീകരാക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ സൂത്രധാരന്‍ എന്ന നിലയിലാണ് ലഖ്‌വിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അബ്ദുള്‍ വാജിദ്, മസര്‍ ഇഖ്ബാല്‍, ഹമാദ് അമിന്‍ സാദിഖ്, ഷാഹിദ് ജമീല്‍ റിയാസ്, ജമീല്‍ അഹമ്മദ്, യൂനിസ് എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍.
2015ല്‍ കോടതിയില്‍ നിന്ന് ജാമ്യം നേടിയ ലഖ്‌വി അന്ന് മുതല്‍ രഹസ്യ കേന്ദ്രത്തിലാണ് താമസം. കേസില്‍ വിചാരണ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നത് ഏറെനാളായുള്ള ഇന്ത്യയുടെ ആവശ്യമാണ്. പ്രതികളെ വിചാരണ ചെയ്യാന്‍ മതിയായ തെളിവുകള്‍ പാക്കിസ്ഥാന് കൈമാറിയിട്ടുണ്ടെന്ന് ഇന്ത്യ നേരത്തെ നിരവധി തവണ വ്യക്തമാക്കിയിരുന്നു.