| Friday, 16th August 2019, 6:13 pm

കശ്മീര്‍ ഇനി പാകിസ്താനിലും; 36 റോഡുകള്‍ക്ക് കശ്മീര്‍ എന്ന് പേരിട്ട് പാക് സര്‍ക്കാര്‍; 'കശ്മീരികള്‍ക്ക് ഐക്യദാര്‍ഢ്യം'

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ 36 റോഡുകളുടെ പേരുകള്‍ കശ്മീര്‍ എന്നാവും ഇനി അറിയപ്പെടുക. മുഖ്യമന്ത്രി ഉസ്മാന്‍ ബസ്ദറാണ് ഇക്കാര്യം അറിയിച്ചത്. റോഡുകളെ കൂടാതെ അഞ്ച് പ്രധാന പാര്‍ക്കുകളുടെയും പേരുകള്‍ കശ്മീര്‍ എന്നാക്കി മാറ്റാനാണ് തീരുമാനം. ഇന്ത്യ പ്രത്യേക പദവി എടുത്തുകളഞ്ഞ കശ്മീരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് തീരുമാനം.

‘കശ്മീരിലെ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് 36 റോഡുകളുടെയും (ഓരോ ജില്ലയിലേയും ഓരോ റോഡുകള്‍) അഞ്ച് പ്രധാന പാര്‍ക്കുകളുടെയും പേര് പാകിസ്താനിലെ പഞ്ചാബ് സര്‍ക്കാര്‍ ‘കശ്മീര്‍’ എന്നാക്കിമാറ്റുകയാണ്. ഇനി അവ കശ്മീര്‍ റോഡുകളും കശ്മീര്‍ പാര്‍ക്കുകളുമാണ്’, ബസ്ദര്‍ പറഞ്ഞു.

ഓഗസ്റ്റ് അഞ്ചിന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മുകശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുകയും ചെയ്ത ഇന്ത്യന്‍ നടപടിയോടുള്ള ശക്തമായ പ്രതിഷേധ സൂചകമായാണ് പാക് നീക്കം.

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ന്യൂദല്‍ഹിയില്‍നിന്നുള്ള നീക്കത്തെ അപലപിച്ച് ഇന്ത്യന്‍ സ്വാതന്ത്രദിനമായിരുന്ന വ്യാഴാഴ്ചയെ ഇരുണ്ട ദിനമെന്നായിരുന്നു പാകിസ്താന്‍ വിശേഷിപ്പിച്ചത്. പാക് സ്വാതന്ത്ര്യ ദിനത്തെ കശ്മീര്‍ സോളിഡാരിറ്റി ഡേ എന്നുമാണ് വിശേഷിപ്പിച്ചത്.

സ്വയം നിര്‍ണയ അവകാശത്തിനുള്ള പോരാട്ടത്തില്‍ ജമ്മു കശ്മീര്‍ ജനതയ്ക്ക് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു. പാക് സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടുകൊണ്ടായിരുന്നു ഇമ്രാന്‍ ഖാന്‍ ഇക്കാര്യം അറിയിച്ചത്.

We use cookies to give you the best possible experience. Learn more