ലാഹോര്‍: പാകിസ്താനില്‍ തീവ്ര മുസ്‌ലിം സംഘടനയില്‍പ്പെട്ടവര്‍ തകര്‍ത്ത ഹിന്ദു ക്ഷേത്രം പ്രവിശ്യ സര്‍ക്കാര്‍ പുനര്‍നിര്‍മ്മിക്കും. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യ മുഖ്യമന്ത്രി ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചു.
കാലതാമസമില്ലാത്ത ക്ഷേത്ര പുനര്‍നിര്‍മാണത്തിന് ശ്രമിക്കുമെന്ന് മുഖ്യമന്ത്രി മഹ്മൂദ് ഖാന്‍ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് വടക്ക് പടിഞ്ഞാറന്‍ പാകിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയിലെ കാരക് ജില്ലയിലെ ഹിന്ദു ക്ഷേത്രം തകര്‍ക്കപ്പെട്ടത്.
സംഭവത്തില്‍ തീവ്ര മുസ്‌ലിം സംഘടനയില്‍പ്പെട്ട 26 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്ഷേത്രത്തിലെ പുനരുദ്ധാരണത്തിനായുള്ള ജോലികള്‍ പുരോഗമിക്കവെ പ്രതിഷേധവുമായി എത്തിയ സംഘം ക്ഷേത്രം തകര്‍ക്കുകയും തീയിടുകയുമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ജാമിയത്ത് ഉലെമ ഇസ്‌ലാം പാര്‍ട്ടിയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പുനരുദ്ധാരണം നടന്ന ക്ഷേത്രത്തിന്റെ ഭാഗങ്ങളെല്ലാം ആക്രമണത്തില്‍ പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്.
ഇസ്‌ലാമാബാദില്‍ ഹിന്ദുവിഭാഗത്തില്‍പ്പെട്ടവരുടെ ആരാധനയ്ക്കായി ക്ഷേത്രം നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണം. ക്ഷേത്രം തകര്‍ക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
ഇതോടെ ന്യൂനപക്ഷമായ ഹിന്ദു മതത്തിലുള്ളവരുടെ അവകാശലംഘനമാണെന്ന വിമര്‍ശനമുയര്‍ന്നതോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.
അതേസമയം ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി പാകിസ്താന്‍ മതവകുപ്പ് മന്ത്രി നൂറുല്‍ ഹഖ് ഖാദ്രി അറിയിച്ചു. ദേശീയ ഐക്യത്തെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണിതെന്നാണ് അദ്ദേഹം പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Pakistan provincial govt to rebuild Hindu temple vandalised by angry mob in Khyber Pakhtunkhwa