'ഞാന്‍ മലാലയല്ല'; മലാല  യൂസഫ് സായിക്കെതിരെ ഡോക്യുമെന്ററി ഇറക്കി ഓള്‍ പാകിസ്ഥാന്‍ പ്രൈവറ്റ് സ്‌കൂള്‍സ് ഫെഡറേഷന്‍
World News
'ഞാന്‍ മലാലയല്ല'; മലാല  യൂസഫ് സായിക്കെതിരെ ഡോക്യുമെന്ററി ഇറക്കി ഓള്‍ പാകിസ്ഥാന്‍ പ്രൈവറ്റ് സ്‌കൂള്‍സ് ഫെഡറേഷന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th July 2021, 2:52 pm

ഇസ്‌ലാമാബാദ്: നൊബേല്‍ പുരസ്‌കാര ജേതാവും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല യൂസഫ് സായിക്കെതിരെ ഡോക്യുമെന്ററി ഇറക്കി പാകിസ്ഥാനിലെ സ്വകാര്യ സ്‌കൂളുകളുടെ അസോസിയേഷന്‍.

‘ഇസ്‌ലാമിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും മലാലയുടെ വിവാദ കാഴ്ചപ്പാട്, പാശ്ചാത്യ അജണ്ട’ എന്നിങ്ങനെയാണ് ഡോക്യുമെന്ററിയില്‍ പറയുന്നത്.
ഞാന്‍ മലാല അല്ല എന്നാണ് ഡോക്യുമെന്ററിയുടെ പേര്.

”ഞാന്‍ മലാലയല്ല എന്ന ഡോക്യുമെന്ററി ചിത്രത്തിലൂടെ രാജ്യത്തൊട്ടാകെയുള്ള രണ്ടുലക്ഷം സ്വകാര്യ സ്‌കൂളുകളിലായി പഠിക്കുന്ന ഇരുപത് ദശലക്ഷം വിദ്യാര്‍ത്ഥികളോട് ഇസ്‌ലാമിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും പാശ്ചാത്യ അജണ്ടയെക്കുറിച്ചുമുള്ള മലാലയുടെ വിവാദ കാഴ്ചപ്പാടിനെക്കുറിച്ച് ഞങ്ങള്‍ പറയും,” ഓള്‍ പാകിസ്ഥാന്‍ പ്രൈവറ്റ് സ്‌കൂള്‍സ് ഫെഡറേഷന്‍ പ്രസിഡന്റ് കാശിഫ് മിര്‍സ പറഞ്ഞു.

മലാലയുടെ 24ാം പിറന്നാളായിരുന്ന ജൂലൈ 12 നാണ് ഡോക്യുമെന്ററി പുറത്തിറക്കിയത്.

യുവ ജനങ്ങള്‍ക്കിടയില്‍ മലാലയെ തുറന്നുകാട്ടി മതിപ്പ് ഇല്ലാതാക്കാനാണ് ഇത്തരം ഒരു ഡോക്യുമെന്ററി എന്നാണ് മിര്‍സ പറയുന്നത്.

അതേസമയം, കഴിഞ്ഞ ജൂണില്‍ മലാല യൂസഫ്‌സായിക്കു നേരെ ചാവേര്‍ ആക്രമണം നടത്തണമെന്ന് അനുയായികളോട് ആഹ്വാനം നടത്തിയ പാക്ക് മതപുരോഹിതന്‍ മുഫ്തി സര്‍ദാര്‍ അലി ഹഖാനിയെ ഭീകരവിരുദ്ധ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഒരു മാധ്യമ അഭിമുഖത്തില്‍, വിവാഹം സംബന്ധിച്ച് മലാല നടത്തിയ പരാമര്‍ശമാണ് ഹഖാനിയെ പ്രകോപിപ്പിച്ചത്. വിവാഹം കഴിക്കേണ്ട ആവശ്യമെന്താണെന്നു മനസ്സിലാകുന്നില്ലെന്നും മറ്റൊരാള്‍ ജീവിതത്തില്‍ ഒപ്പം വേണമെന്നുണ്ടെങ്കില്‍ ഇരുവര്‍ക്കും പങ്കാളികളായി ജീവിച്ചാല്‍ പോരേ എന്നുമായിരുന്നു മലാലയുടെ ചോദ്യം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

 

 

Content Highlights: Pakistan private schools’ association launches documentary ‘to expose Malala among youth’