പനാമ കേസില്‍ നവാസ് ഷെരീഫ് കുറ്റക്കാരനെന്ന് സുപ്രീം കോടതി: ഉടന്‍ രാജിവെയ്ക്കണമെന്നും ഉത്തരവ്
World
പനാമ കേസില്‍ നവാസ് ഷെരീഫ് കുറ്റക്കാരനെന്ന് സുപ്രീം കോടതി: ഉടന്‍ രാജിവെയ്ക്കണമെന്നും ഉത്തരവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 28th July 2017, 1:15 pm

ഇസ്‌ലാമാബാദ്: പനാമ പേപ്പറുമായി ബ ന്ധപ്പെട്ട കേസില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് കുറ്റക്കാരനാണ് പാകിസ്ഥാന്‍ സുപ്രീം കോടതി. സുപ്രീം കോടതിയുടെ അഞ്ചംഗബെഞ്ചിന്റേതാണ് വിധി.

“പാര്‍ലമെന്റിലെ സത്യസന്ധനായ അംഗമായി ഇരിക്കാന്‍ നവാസിന് യോഗ്യതയില്ല.” ജഡ്ജിമാരിലൊരാളായ ഇജാസ് അഫ്‌സല്‍ ഖാന്‍ ഉത്തരവിട്ടു.

നവാസ് ഷെരീഫിനെ അയോഗ്യനായി പ്രഖ്യാപിച്ച കോടതി അദ്ദേഹത്തോട് പ്രധാനമന്ത്രി പദം രാജിവെയ്ക്കാനും നിര്‍ദേശിച്ചു. ഷെരീഫിനെതിരെ ക്രിമിനല്‍ കേസെടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് നവാസ് ഷെരീഫിനെ അയോഗ്യനാക്കി കോടതി പ്രഖ്യാപിച്ചിരിക്കുന്നത്.


Also Read: താരങ്ങളുടെ ചാനല്‍ ബഹിഷ്‌കരണം; വര്‍ഷങ്ങളായി കേള്‍ക്കാന്‍ ആഗ്രഹിച്ച വാര്‍ത്തയെന്ന് എസ്. ശാരദക്കുട്ടി; ഇതിലും സന്തോഷം തരുന്ന മറ്റൊരു തീരുമാനവുമില്ല


നവാസ് ഷെരീഫും കുടുംബാംഗങ്ങളും ലണ്ടനില്‍ വ്യാജകമ്പനികളുടെ പേരില്‍ സ്വത്തുവാങ്ങിക്കൂട്ടിയെന്ന വിവരങ്ങളാണ് 2015ലെ പനാമ രേഖകളിലൂടെ പുറത്തുവന്നത്. കള്ളപ്പണ ഇടപാട് നടത്തിയില്ലെന്ന് പ്രധാനമന്ത്രി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്ന പരാതിയിന്മേലാണ്‌കോടതി വിധി വന്നിരിക്കുന്നത്.

നവാസ് ഷെരീഫിന്റെയും കുടുംബത്തിന്റെയും സാമ്പത്തിക ഇടപാടുകള്‍ സംശയകരമാണെന്ന് സംയുക്ത അന്വേഷണ സംഘം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 22ന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് നവാസ് ഷെരീഫിനെയും മൂന്നു മക്കളടക്കമുള്ള കുടുംബാംഗങ്ങളെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.