| Saturday, 9th November 2019, 7:33 pm

'ഇങ്ങനെയാണു കാവി പ്രത്യയശാസ്ത്രം സമൂഹത്തിന്റെ മര്‍മ്മപ്രധാനമായ സ്ഥാനങ്ങളെ തിന്നുന്നത്'; അയോധ്യാ വിധിക്കെതിരെ പാകിസ്താനിലെ രാഷ്ട്രീയനേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: അയോധ്യാ വിധിക്കെതിരെ പാകിസ്താനിലെ പ്രമുഖ രാഷ്ട്രീയനേതാക്കള്‍ രംഗത്ത്. വിധിയെ അപലപിച്ച ജാമിയത്ത്-ഉലമ-ഇ-ഇസ്‌ലാം പാര്‍ട്ടി അധ്യക്ഷന്‍ മൗലാനാ ഫസ്‌ലുര്‍ റെഹ്മാന്‍, ഇന്ത്യ ന്യൂനപക്ഷത്തെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചു.

വിധി ഇടുങ്ങിയ ചിന്താഗതിയെയാണു കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിധി പ്രഖ്യാപിച്ച സമയത്തെ കുറ്റപ്പെടുത്തിയാണ് പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി രംഗത്തെത്തിയത്.

കര്‍ത്താര്‍പുര്‍ പോലുള്ള നല്ല കാര്യങ്ങള്‍ നടക്കുന്ന സമയത്ത് ഇത്രയും പ്രശ്‌നമുണ്ടാക്കുന്ന വിധി പ്രഖ്യാപിച്ചതു ദുഃഖകരമാണെന്നായിരുന്നു ഖുറേഷി പറഞ്ഞത്. മന്ത്രാലയം വിധി പരിശോധിച്ചശേഷം പ്രസ്താവനയിറക്കുമെന്നും ജിയോ ന്യൂസിനോട് അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിധി നീതിയുടെ ഹാസ്യാനുകരണമാണെന്നായിരുന്നു പാകിസ്താന്‍ മുസ്‌ലിം ലീഗ്-നവാസ് പ്രസിഡന്റ് ഷഹബാസ് ഷരീഫ് പ്രതികരിച്ചത്.

ഇന്ത്യന്‍ സമൂഹത്തിന്റെ മര്‍മ്മപ്രധാനമായ സ്ഥാനങ്ങളെ കാവി പ്രത്യയശാസ്ത്രം എങ്ങനെയാണു തിന്നുന്നതെന്നതിന്റെ മറ്റൊരുദാഹരണമാണ് വിധി. ഇന്ത്യയുടെ മതേതരപദ്ധതി പടിപടിയായി തകര്‍ന്നുവീഴുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മതേതര ഇന്ത്യയുടെ മുഖമാണ് അവസാനിച്ചതെന്നായിരുന്നു പാക് മനുഷ്യാവകാശ മന്ത്രി ഷിരീന്‍ മെഹ്‌റുന്നീസ് മസാരി അഭിപ്രായപ്പെട്ടത്. മുസ്‌ലിങ്ങള്‍ക്കു പകരം ഭൂമി നല്‍കുന്നത് അനധികൃതവും അധാര്‍മികവും ലജ്ജാകരവുമാണെന്ന് പാക് ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് അഹമ്മദ് ചൗധരി പറഞ്ഞു.

അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധി തള്ളിയാണ് ഇന്ന് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്കു വിട്ടുനല്‍കണമെന്നും മുസ്ലിങ്ങള്‍ക്ക് ആരാധനയ്ക്കു പകരം ഭൂമി നല്‍കുമെന്നും കോടതി വ്യക്തമാക്കി. ഭൂമി കൈകാര്യം ചെയ്യാനായി പ്രത്യേക ട്രസ്റ്റ് മൂന്നു മാസത്തിനുള്ളില്‍ രൂപീകരിക്കും.

കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കും. അത് ഉചിതമായ സ്ഥലത്ത് നല്‍കും. എല്ലാവരുടേയും വിശ്വാസവും ആരാധനയും അംഗീകരിക്കണമെന്നും കോടതിക്ക് തുല്യത കാണിക്കേണ്ടതുണ്ടെന്നും വിധിന്യായത്തിനിടെ ബെഞ്ച് വ്യക്തമാക്കി.

അയോധ്യയില്‍ രാമന്‍ ജനിച്ചു എന്ന ഹിന്ദുക്കളുടെ വിശ്വാസത്തില്‍ യാതൊരു തര്‍ക്കവുമില്ലെന്നും തര്‍ക്കഭൂമി ആരുടേതെന്ന് തീരുമാനിക്കുന്നത് നിയമപരമായ വശങ്ങള്‍ കണക്കിലെടുത്തായിരിക്കുമെന്നും ദൈവശാസ്ത്രമല്ല ചരിത്ര വസ്തുതകളാണ് അടിസ്ഥാനമെന്നും കോടതി പറഞ്ഞു.

തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട് പുരാവസ്തു വകുപ്പിന്റെ രേഖകള്‍ തള്ളിക്കളയാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുറസ്സായ സ്ഥലത്തല്ല ബാബറി മസ്ജിദ് നിര്‍മ്മിച്ചത്. ബാബ്‌റി മസ്ജിദ് നിര്‍മിച്ചത് മറ്റൊരു നിര്‍മിതിക്ക് മുകളിലാണെന്നും എന്നാല്‍ ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് കണ്ടെത്താനായിട്ടില്ലെന്നും കോടതി പറഞ്ഞു.

We use cookies to give you the best possible experience. Learn more