18കാരന്‍ കുടുംബാംഗങ്ങളെ കൊന്ന സംഭവം; പബ്ജി നിരോധിക്കാനൊരുങ്ങി പാകിസ്ഥാന്‍ പൊലീസ്
World News
18കാരന്‍ കുടുംബാംഗങ്ങളെ കൊന്ന സംഭവം; പബ്ജി നിരോധിക്കാനൊരുങ്ങി പാകിസ്ഥാന്‍ പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st February 2022, 9:17 am

ലാഹോര്‍: പബ്ജി ഗെയിമിന് നിരോധനമേര്‍പ്പെടുത്താനൊരുങ്ങി പാകിസ്ഥാന്‍ പൊലീസ്.

പാകിസ്ഥാനില്‍ പബ്ജി ഗെയിമിന് അടിമപ്പെട്ട കൗമാരക്കാരന്‍ തന്റെ നാല് കുടുംബാംഗങ്ങളെ കൊന്ന സംഭവത്തെത്തുടര്‍ന്നാണ് പൊലീസിന്റെ നടപടി.

തുടര്‍ച്ചയായി ദിവസങ്ങളോളം ഓണ്‍ലൈനില്‍ ഗെയിം കളിച്ച ശേഷം അതിനെത്തുടര്‍ന്നുണ്ടായ ദേഷ്യത്തിലാണ് താന്‍ കുടുംബാംഗങ്ങളെ കൊന്നതെന്ന് പ്രതിയായ 18കാരന്‍ അലി സെയ്ന്‍ സമ്മതിച്ചതായി പൊലീസ് നേരത്തെ പറഞ്ഞിരുന്നു.

ജനുവരി 18നായിരുന്നു സംഭവം. അമ്മയെയും രണ്ട് സഹോദരിമാരെയും സഹോദരനെയുമായിരുന്നു അലി സെയ്ന്‍ കൊലപ്പെടുത്തിയത്. തുടര്‍ച്ചയായി ഗെയിം കളിച്ചത് തന്നെ അക്രമാസക്തനാക്കിയെന്നും ഇതേത്തുടര്‍ന്നാണ് കുടുംബാംഗങ്ങളെ വെടിവെച്ച് കൊന്നതെന്നും സെയ്ന്‍ പറഞ്ഞു.

”ഇത്തരത്തിലുള്ള ആദ്യ സംഭവമല്ല ഇത്. അതുകൊണ്ട് ഗെയിം നിരോധിക്കുന്നതിനായി ശിപാര്‍ശ ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു,” പൊലീസ് ഉദ്യോഗസ്ഥന്‍ ഇമ്രാന്‍ കിഷ്‌വര്‍ കിഴക്കന്‍ ലാഹോറില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

ഗെയിമിന് അടിമപ്പെട്ട സെയ്ന്‍ തന്റെ മുറിയില്‍ ഒരു ഒറ്റപ്പെട്ട ജീവിതമായിരുന്നു നയിച്ചിരുന്നതെന്നും ഇമ്രാന്‍ കിഷ്‌വര്‍ പറഞ്ഞു.

ഗെയിമില്‍ സംഭവിക്കുന്നത് പോലെ, വെടിവെച്ച് കൊന്നാലും അവര്‍ ജീവിതത്തിലേക്ക് തിരിച്ചുവരും എന്ന ചിന്തയിലാണ് സെയ്ന്‍ അമ്മയെയും സഹോദരങ്ങളെയും കൊന്നതെന്ന് ഒരു പൊലീസുദ്യോഗസ്ഥന്‍ പറഞ്ഞതായി പാകിസ്ഥാനി പത്രം ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഗെയിമിലെ അക്രമാസക്തമായ കണ്ടന്റിനെക്കുറിച്ച് പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് പാകിസ്ഥാന്‍ ടെലികോം അതോറിറ്റി നേരത്തെ പബ്ജി താല്‍ക്കാലികമായി നിരോധിച്ചിരുന്നു.

നിലവില്‍ ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ പബ്ജിക്ക് നിരോധനമുണ്ട്.


Content Highlight: Pakistan police call for PUBG game ban after teenager killed family members