| Thursday, 25th November 2021, 5:00 pm

ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ടയാളുടെ ശവസംസ്‌കാരകാര്യം വിളിച്ച് പറയാന്‍ വിസമ്മതിച്ചു; പള്ളി ഇമാമുമായി തര്‍ക്കത്തിലേര്‍പ്പെട്ടതിന് പാകിസ്ഥാനില്‍ 'ദൈവനിന്ദ' ആരോപിച്ച് അറസ്റ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലാഹോര്‍: ‘ദൈവനിന്ദ’ കുറ്റം ആരോപിച്ച് പാകിസ്ഥാനില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട ഒരാള്‍ മരിച്ചപ്പോള്‍ അയാളുടെ ശവസംസ്‌കാര ചടങ്ങിന്റെ കാര്യം പള്ളിയില്‍ നിന്ന് വിളിച്ച് പറയാനാവശ്യപ്പെട്ട് ഇമാമിനോട് തര്‍ക്കിച്ചു എന്നതാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

ലാഹോറിന് സമീപത്തുള്ള ഖോദി ഖുഷല്‍ സിംഗ് ഗ്രാമത്തില്‍ നവംബര്‍ 18നായിരുന്നു സംഭവം. ഇവരെ കോടതിയില്‍ ഹാജരാക്കിയതായാണ് റിപ്പോര്‍ട്ട്.

മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട യുവാക്കള്‍, ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ളയാളുടെ മരണാനന്തര ചടങ്ങിന്റെ കാര്യം പള്ളിയില്‍ നിന്ന് വിളിച്ച് പറയാന്‍ ആവശ്യപ്പെട്ടെന്നും ഇത് ഇമാം നിഷേധിച്ചതോടെ തര്‍ക്കത്തിലേര്‍പ്പെട്ടെന്നുമാണ് പൊലീസിന്റെ പ്രാഥമിക വിവര റിപ്പോര്‍ട്ട് പറയുന്നത്.

യുവാക്കള്‍ ഇമാമിനെ ‘ശപിച്ചെന്നും’, പള്ളിയെ നിന്ദിക്കുകയും ഇസ്‌ലാമിനെ അപമാനിക്കുകയും ചെയ്‌തെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

പാകിസ്ഥാന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 295, 298 എന്നീ വകുപ്പുകളാണ് യുവാക്കള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. രണ്ട് വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്.

യുവാക്കള്‍ക്കെതിരായ കുറ്റം നിലനില്‍ക്കുന്നതല്ലെന്നും കേസെടുത്തത് അപലപനീയമാണെന്നും പാകിസ്ഥാനിലെ വിവിധ മനുഷ്യാവകാശപ്രവര്‍ത്തകര്‍ പ്രതികരിച്ചു. നല്ല ഉദ്ദേശത്തോടെയാണ് യുവാക്കള്‍ പ്രതികരിച്ചതെന്നും അത് ആരുടേയും വിശ്വാസത്തിന് മേലുള്ള അക്രമമല്ലെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ നദീം ആന്തണി പ്രതികരിച്ചു.

ഒരാളുടെ ശവസംസ്‌കാരം ലൗഡ്‌സ്പീക്കറിലൂടെ വിളിച്ച് പറയുന്നത് എങ്ങനെയാണ് മതപരമായ ലംഘനമാവുകയെന്നും അദ്ദേഹം ചോദിച്ചു.

പാകിസ്ഥാനില്‍ ‘ദൈവനിന്ദ’ വധശിക്ഷ വരെ ലഭിക്കാവുന്ന ഗുരുതരമായ കുറ്റമാണ്. രാജ്യത്ത് ഇതുവരെ ഈ കുറ്റത്തിന്റെ പേരില്‍ ആരെയും വധശിക്ഷയ്ക്ക് വിധിച്ചിട്ടില്ലെങ്കിലും ദൈവനിന്ദ ആരോപിക്കപ്പെട്ട ആളുകളെ മറ്റ് വ്യക്തികളോ ജനക്കൂട്ടമോ കൊലപ്പെടുത്തിയ സംഭവം മുമ്പ് ഉണ്ടായിട്ടുണ്ട്.

1990 മുതല്‍ ഇത്തരത്തില്‍ കുറഞ്ഞത് 79 പേരെങ്കിലും അക്രമസംഭവങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അല്‍ ജസീറ പറയുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Pakistan police arrested four Muslim men for blasphemy over mosque argument

We use cookies to give you the best possible experience. Learn more