ഇസ്‌ലാമാബാദ്: രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി സ്വന്തം വസ്ത്രം വിറ്റിട്ടായാലും ന്യായ വിലയ്ക്ക് ഗോതമ്പ് പൊടി എത്തിക്കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്.
ഗോതമ്പ് വില കുത്തനെ ഉയര്‍ത്തിയ ഖൈബര്‍ പഖ്ടുന്‍ഖ്‌വ (Khyber Pakhtunkhwa) സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ നടപടിയില്‍ അന്ത്യശാസനം നല്‍കിക്കൊണ്ടാണ് ഷെഹബാസ് ഷെരീഫ് ഇക്കാര്യം പറഞ്ഞത്.
മുഖ്യമന്ത്രി മഹ്മൂദ് ഖാന്‍ 24 മണിക്കൂറിനുള്ളില്‍ 10 കിലോ ഗോതമ്പിലെ വില 400 രൂപയായി കുറച്ചില്ലെങ്കില്‍ തന്റെ വസ്ത്രങ്ങള്‍ വിറ്റിട്ടായാലും ജനങ്ങള്‍ക്ക് തുച്ഛമായ വിലയ്ക്ക് ഗോതമ്പുപൊടി എത്തിക്കുമെന്നാണ് പാക് പ്രധാനമന്ത്രി പറഞ്ഞത്.
ഞായറാഴ്ച നടന്ന ഒരു പൊതുചടങ്ങില്‍ വെച്ച് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു ഷെഹബാസ് ഷെരീഫിന്റെ പ്രതികരണം.
”ഞാന്‍ എന്റെ വാക്കുകള്‍ ആവര്‍ത്തിക്കുകയാണ്. എന്റെ വസ്ത്രങ്ങള്‍ വിറ്റുകൊണ്ടാണെങ്കിലും രാജ്യത്തെ ജനങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഗോതമ്പുപൊടി എത്തിക്കും,” അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയും രൂക്ഷവിമര്‍ശനമുന്നയിച്ച് കൊണ്ടായിരുന്നു ഷെഹബാസ് ഷെരീഫിന്റെ പ്രസംഗം. രാജ്യം കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് ഇമ്രാന്‍ ഖാന്‍ പാകിസ്ഥാന് നല്‍കിയ സമ്മാനമെന്നാണ് ഷെഹബാസ് പറഞ്ഞത്.
”ഞാന്‍ നിങ്ങളുടെ മുന്നില്‍ വെച്ച് പ്രഖ്യാപിക്കുകയാണ്, എന്റെ ജീവിതം ത്യജിച്ച് കൊണ്ടാണെങ്കിലും ഈ രാജ്യത്തെ ഞാന്‍ സമൃദ്ധിയിലേക്കും വികസനത്തിലേക്കും നയിക്കും,” ഷെഹബാസ് ഷെരീഫ് കൂട്ടിച്ചേര്‍ത്തു.