ഞങ്ങള്‍ പിച്ചക്കാരാണെന്നാണ് സുഹൃദ് രാജ്യങ്ങള്‍ പോലും വിചാരിക്കുന്നത്; എഴുപത്തഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം പാകിസ്ഥാന്‍ എവിടെ എത്തിനില്‍ക്കുന്നു: ഷെഹബാസ് ഷെരീഫ്
World News
ഞങ്ങള്‍ പിച്ചക്കാരാണെന്നാണ് സുഹൃദ് രാജ്യങ്ങള്‍ പോലും വിചാരിക്കുന്നത്; എഴുപത്തഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം പാകിസ്ഥാന്‍ എവിടെ എത്തിനില്‍ക്കുന്നു: ഷെഹബാസ് ഷെരീഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th September 2022, 12:48 pm

ഇസ്‌ലാമാബാദ്: വിലക്കയറ്റത്തിന് പുറമെ വെള്ളപ്പൊക്കവും പ്രളയവും കനത്ത നാശനഷ്ടങ്ങള്‍ വിതച്ച പാകിസ്ഥാന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് പ്രതികരിച്ച് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്.

തങ്ങളെ ഒരു ഭിക്ഷക്കാരെ പോലെയാണ് സുഹൃദ് രാജ്യങ്ങള്‍ പോലും കാണുന്നതെന്നും ഏതെങ്കിലും ഒരു രാജ്യത്ത് പോകുമ്പോഴോ ഫോണ്‍ വിളിക്കുമ്പോഴോ പണത്തിന് വേണ്ടി യാചിക്കാനാണ് വന്നതെന്നാണ് അവര്‍ വിചാരിക്കുന്നതെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം കഴിഞ്ഞിട്ടും പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥ എവിടെയുമെത്താതെ അലഞ്ഞ് തിരിയുകയാണെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു.

”ഇന്ന് ഞങ്ങള്‍ ഏതെങ്കിലും ഒരു സുഹൃദ് രാജ്യത്ത് പോകുമ്പോഴോ ഫോണ്‍ വിളിക്കുമ്പോഴോ അവര്‍ വിചാരിക്കുന്നത് ഞങ്ങള്‍ പണത്തിന് വേണ്ടി യാചിക്കാനാണ് വന്നതെന്നാണ്.

75 വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്ഥാന്‍ ഇന്ന് എവിടെയാണ് എത്തിനില്‍ക്കുന്നത്? ചെറിയ സമ്പദ്വ്യവസ്ഥകള്‍ പോലും പാകിസ്ഥാനെ മറികടന്നു. എന്നാല്‍ കഴിഞ്ഞ 75 വര്‍ഷമായി ഞങ്ങള്‍ പിച്ചചട്ടിയുമായി അലഞ്ഞുതിരിയുകയാണ്,” പാകിസ്ഥാന്‍ പ്രധാനമന്ത്രിയെ ഉദ്ധരിച്ചുകൊണ്ട് ഡോണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്ത് കുതിച്ചുയരുന്ന പണപ്പെരുപ്പത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാനെ മുമ്പ് ഭരിച്ച ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന്‍ തെഹ്രീക്-ഇ-ഇന്‍സാഫ് (പി.ടി.ഐ) സര്‍ക്കാരിനാണെന്നും ഷെഹബാസ് ഷെരീഫ് ആരോപിച്ചു.

”ഇമ്രാന്‍ ഖാന്റെ സര്‍ക്കാര്‍ അന്താരാഷ്ട്ര നാണയ നിധിയുമായുള്ള (ഐ.എം.എഫ്) കരാര്‍ ലംഘിച്ചു, കടുത്ത വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ നിലവിലെ സര്‍ക്കാരിനെ നിര്‍ബന്ധിച്ചു. ഈ വ്യവസ്ഥകള്‍ പാലിച്ചില്ലെങ്കില്‍ തങ്ങളുടെ പ്രോഗ്രാം പിന്‍വലിക്കുമെന്ന് ഐ.എം.എഫ് ഭീഷണിപ്പെടുത്തിയിരുന്നു,” പാക് പ്രധാനമന്ത്രി പറഞ്ഞു.

”ഏപ്രിലില്‍ ഞങ്ങള്‍ (ഷെഹബാസ് ഷെരീഫ് സര്‍ക്കാര്‍) അധികാരമേറ്റെടുക്കുമ്പോള്‍ പാകിസ്ഥാന്‍ സാമ്പത്തിക തകര്‍ച്ചയുടെ വക്കിലായിരുന്നു. കൂട്ടുകക്ഷി സര്‍ക്കാര്‍ കഠിനാധ്വാനത്തിലൂടെ രാജ്യത്തെ സാമ്പത്തിക അസ്ഥിരത ഒരു പരിധിവരെ നിയന്ത്രിക്കുകയും ചെയ്തു,” അഭിഭാഷകരുടെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ഷെഹബാസ് ഷെരീഫ് പ്രതികരിച്ചു.

അതേസമയം പാകിസ്ഥാനില്‍ വെള്ളപ്പൊക്കം കാരണം ഇതുവരെ 1500ഓളം പേരാണ് മരിച്ചത്.

പാകിസ്ഥാന്റെ നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ (National Disaster Management Authority) ഔദ്യോഗിക കണക്കുകള്‍ പ്രകാരം 530 കുട്ടികളുള്‍പ്പെടെ 1486 പേര്‍ പ്രളയത്തില്‍ പെട്ട് മരിച്ചുവെന്നാണ് പറയുന്നത്. ജൂണ്‍ പകുതി മുതല്‍ സെപ്റ്റംബര്‍ ഒമ്പത് വരെയുള്ള കണക്കാണിത്.

ആയിരക്കണക്കിന് പേരാണ് പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ട് തെരുവുകളിലും പൊതു നിരത്തുകളിലും കഴിയുന്നത്.

മണ്‍സൂണ്‍ സീസണില്‍ പെയ്ത റെക്കോഡ് മഴയും വടക്കന്‍ പ്രദേശത്തെ പര്‍വത നിരകളില്‍ മഞ്ഞുരുകിയതുമാണ് പാകിസ്ഥാനില്‍ വെള്ളപ്പൊക്കത്തിനും പ്രളയത്തിനും കാരണമായത്.

പ്രളയത്തില്‍ ആകെ 30 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടങ്ങള്‍ സംഭവിച്ചെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിന് പുറമെ വിലക്കയറ്റം കൂടിയായതോടെയാണ് രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കെത്തിയത്.

Content Highlight: Pakistan PM Shehbaz Sharif says even the friendly countries think they are beggars